ബംഗളൂരു: പ്രതിപക്ഷ ഐക്യത്തെ മറി കടന്ന് ലോകസഭ തിരഞ്ഞെടുപ്പ് വിജയിക്കുക ബിജെപിക്ക് അസാധ്യമെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഐക്യത്തിന്റെ കീഴില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വാരാണസി സീറ്റു പോലും നഷ്ടമാകുമെന്നും രാഹുല്‍ പറഞ്ഞു. ബംഗളൂരുവില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കില്ലെന്നും കോണ്‍ഗ്രസ് തിരിച്ചുവരുകയും ചെയ്യുമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ മറികടന്ന് തിരഞ്ഞെടുപ്പ് വിജയിക്കുകയെന്നത് ബി.ജെ.പിക്ക് അസാധ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും ബിഹാറിലും അതാണ് കണ്ടതെന്നും രാഹുല്‍ പറഞ്ഞു. 2019 തിരഞ്ഞെടുപ്പിലെ വിജയമെന്ന സ്വപ്നം ബിജെപി മറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ്, ഛത്തിസ്ഗഢ് എന്നിവിടങ്ങള്‍ കോണ്‍ഗ്രസ് തിരിച്ചെടുത്തു കഴിഞ്ഞു. ഇതുവരെ നിങ്ങള്‍ കാണാത്ത രീതിയിലുള്ള തകര്‍ച്ചയാണ് ബി.ജെ.പിക്ക് ഉണ്ടാകാന്‍ പോകുന്നത്. മോഡിയും ആര്‍.എസ്.എസും ചേര്‍ന്ന് താറുമാറാക്കിയ രാജ്യത്തെ തിരിച്ചെടുക്കുകയെന്നതാണ് ലക്ഷ്യമെന്നും അത് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിലൂടെ നടപ്പാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു
ഒരു വ്യക്തിയെന്ന നിലയില്‍ രാജ്യത്തെ ഭരിക്കാന്‍ കഴിയില്ല. എന്നാല്‍ നാലുവര്‍ഷമായി നരേന്ദ്രമോഡി അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നരേന്ദ്രമോഡിയുടെ മനോനിലയും ബി.ജെ.പിയുടെ ദിശയും നഷ്ടപ്പെട്ടുവെന്നും രാഹുല്‍ പറഞ്ഞു.