ദില്ലി: മണിപ്പൂർ സംഭവ വികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. വൈറൽ വീഡിയോയിലൂടെ പുറത്തുവന്ന പീഡനത്തെ ക്രൂരവും ഭയാനകവും എന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് വിശേഷിപ്പിച്ചത്. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യർത്ഥിക്കുന്നതായി യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു. തോബാലിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം.
അതിനിടെ വിഷയം പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്‌ധമാക്കി. മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായി ഇന്ത്യ രംഗത്തെത്തി. പാർലമെന്റിന്റെ ഇരുസഭകളും ബഹളത്തിൽ മുങ്ങി. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മറുപടി നൽകാൻ എഴുന്നേറ്റെങ്കിലും സംസാരിക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല. ചോദ്യോത്തര വേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് സ്പീക്കർ നിലപാടെടുത്തെങ്കിലും പ്രതിപക്ഷം അയഞ്ഞില്ല. ഇരു സഭകളും ആദ്യം 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും നിർത്തിവച്ചു.