ഹൂസ്റ്റണ്‍: ലോകത്തെയൊന്നാകെ ആശങ്കയുടെ മുള്‍മുന്നയില്‍ നിര്‍ത്തിയ കൊവിഡ് മഹാമാരിയെന്ന മഹാവിപത്തിനെ ചെറുക്കാന്‍ ലോകത്തിലെ ആദ്യത്തെ കൊവിഡ് വാക്‌സിന്‍ കണ്ടെത്തിയെന്ന ഖ്യാതി റഷ്യ സ്വന്തമാക്കുമ്പോള്‍, അസ്വസ്ഥരായി അമേരിക്ക. 5,264,915 പേര്‍ക്കാണ് അമേരിക്കയില്‍ രോഗമുള്ളത്. ഇതില്‍ 166,726 പേര്‍ കൊവിഡിന് കീഴടങ്ങുകയും ചെയ്തു.
വാക്സിന്‍ വികസപ്പിക്കുന്നതിനായി കോടിക്കണക്കിനു ഡോളറും ഒരു ഡസന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയെയും അമേരിക്ക ആശ്രയിക്കവേയാണ് റഷ്യ ഇക്കാര്യത്തില്‍ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്. നവംബറില്‍ തിരഞ്ഞെടുപ്പിനു മുന്‍പ് വാക്സിന്‍ തയാറായിരിക്കണമെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കിയ നിര്‍ദ്ദേശത്തെ ഇനി മരുന്നു കമ്പനികള്‍ക്ക് അവഗണിക്കാനാവില്ല.
അതേസമയം, റഷ്യ കണ്ടുപിടിച്ച വാക്സിന്‍ ഇതുവരെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. സംഭവത്തോട് ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല. ‘ഒരു വാക്സിന്‍ കണ്ടെത്തുന്നതില്‍ ഒന്നാമതായിരിക്കുക എന്നതല്ല വലിയ കാര്യം, മറിച്ചത് ഒരു വാക്സിന്‍ ഉണ്ടായിരിക്കുക എന്നതാണ്. അതും തികച്ചും സുരക്ഷിതവും ഫലപ്രദവുമായ ഒന്ന് എന്നാണ് യുഎസ് ആരോഗ്യസേവന സെക്രട്ടറി അലക്സ് അസര്‍ എബിസിയുടെ ‘ഗുഡ് മോര്‍ണിംഗ് അമേരിക്ക’ യില്‍ പറഞ്ഞത്.
.’ഇത്തരമൊരു വാക്സിന്റെ ലോകമെമ്പാടുമുള്ള അംഗീകാരത്തിനായി പ്ലേസിബോയേക്കാള്‍ 50 ശതമാനം കൂടുതല്‍ ഫലപ്രദമാക്കേണ്ടതുണ്ടെന്ന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു. മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ അമേരിക്കയ്ക്ക് നിലവില്‍ രണ്ട് വാക്സിനുകളുണ്ടെന്നും ഇതില്‍ നിന്നും ഡിസംബറോടെ പതിനായിരക്കണക്കിന് ഡോസുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷയ്ക്കും ഫലപ്രാപ്തിക്കുമായി ഒരു വാക്സിന്‍ പരീക്ഷിക്കുന്ന പതിവ് രീതികളില്‍ നിന്ന് റഷ്യ വിട്ടുനില്‍ക്കരുതെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞയാഴ്ച ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടും പുടിന്റെ പ്രഖ്യാപനം വന്നു. പുടിന്റെ പ്രഖ്യാപനം അടിസ്ഥാനപരമായി ഒരു വാക്സിനുള്ള ആഗോള മല്‍സരത്തിലെ വിജയത്തിന്റെ അവകാശവാദമായി മാറി. അവസാനഘട്ട പരിശോധനയെക്കുറിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അഭാവം ഉണ്ടായിരുന്നിട്ടും ആധികാരികമായി വിവരങ്ങള്‍ പുറത്തു വിടുകയായിരുന്നു. ഇതാണ് അമേരിക്കന്‍ ആരോഗ്യപ്രവര്‍ത്തകരെ അസ്വസ്ഥപ്പെടുത്തുന്നത്.