‘മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍’; കുസാറ്റിലും ബാനര്‍ ഉയര്‍ത്തി കെ എസ് യു

കൊച്ചി: ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമ്പോള്‍ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കുസാറ്റിലും ബാനര്‍ ഉയര്‍ത്തി കെ എസ് യു. ‘മുഖ്യനും ഗവര്‍ണര്‍ക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ സര്‍വകലാശാലകള്‍’ എന്നാണ് ബാനറില്‍. ഇന്നലെ കാലടി ശ്രീശങ്കര കോളേജിലും കെഎസ്യു പ്രവര്‍ത്തകര്‍ ബാനര്‍ ഉയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ഉയര്‍ത്തിയ ബാനറിന് സമാന്തരമായാണ് കെഎസ്യുവിന്റെ ബാനര്‍. ഇന്നലെ രാത്രിയാണ് ബാനര്‍ സ്ഥാപിച്ചത്.

‘ജനാധിപത്യം തൊട്ടു തീണ്ടാത്ത മുഖ്യനും കാവി പുതച്ച ഗവര്‍ണറും നാടിന് ആപത്ത്’ എന്നായിരുന്നു കഴിഞ്ഞ ദിവസം കാലടി ശ്രീശങ്കര കോളേജില്‍ കെഎസ്‌യു സ്ഥാപിച്ച ബാനര്‍. ഇതിന് പിന്നാലെയാണ് കുസാറ്റിലും ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കുമെതിരെ ബാനര്‍ ഉയര്‍ന്നത്.

അതേസമയം കേരള സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരായി എസ് എഫ് ഐ സ്ഥാപിച്ച ബാനര്‍ ഉടനടി നീക്കണമെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദ്ദേശം നല്‍കി. എസ് എഫ് ഐ ബാനര്‍ ഉടനെ നീക്കണമെന്നാവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍, രജിസ്ട്രാര്‍ക്ക് ഔദ്യോഗിക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍വകലാശാലയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണ് ബാനറെന്നും അതുകൊണ്ട് ഉടനെ നീക്കം ചെയ്യണമെന്നുമാണ് വി സി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കേരള സര്‍വകലാശാല ആസ്ഥാനത്തിന് മുന്നില്‍ എസ് എഫ് ഐ ബാനര്‍ സ്ഥാപിച്ചത്.

Top