‘സര്‍വകലാശാലകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണം’; വി.ഡി സതീശന്‍

സര്‍വകലാശാലകളില്‍ കഴിഞ്ഞ ആറ് വര്‍ഷം നടന്ന നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് വി ഡി സതീശൻ. ‘ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടന്ന ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണം.

സര്‍ക്കാര്‍ അവരുടെ ബന്ധുക്കളെ നിയമിക്കാനുള്ള കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് കേരളത്തിലെ സര്‍വകലാശാലകള്‍. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരത്തകര്‍ച്ച മൂലം വിദ്യാര്‍ഥികള്‍ വിദേശത്തേക്ക് പോകുന്നത് ഗണ്യമായി വര്‍ധിക്കുകയാണ്’. വി.ഡി സതീശന്‍ കത്തിലൂടെ ഗവര്‍ണറോട് കാര്യങ്ങള്‍ വിശദീകരിച്ചു.

അതേസമയം കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമത്തിന് ഹൈക്കോടതി താല്‍ക്കാലിക സ്റ്റേ അനുവദിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ അസോസിയേറ്റ് പ്രൊഫസറാക്കിയ നിയമനമാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്. ഹരജി 31 ന് വീണ്ടും പരിഗണിക്കും. അതുവരെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിയമനം തടഞ്ഞത്. യു.ജി.സിയെ ഹരജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. സര്‍വകലാശാല ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസയക്കുകയും ചെയ്തു. രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്കറിയയുടെ ഹരജിയിലാണ് നടപടി.

 

Top