യൂണിവേഴ്‌സിറ്റി കോളേജില്‍ അഖിലിനെ ഉള്‍പ്പെടുത്തി അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പഴയ കമ്മിറ്റിക്ക് പകരം അഡ്‌ഹോക് കമ്മിറ്റിക്ക് രൂപം നല്‍കി എസ്എഫ്‌ഐ. 25 അംഗ കമ്മിറ്റിയില്‍ കുത്തേറ്റ ആശുപത്രിയില്‍ കഴിയുന്ന മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥി അഖിലിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേരള യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ എ ആര്‍ റിയാസാണ് അഡ്‌ഹോക് കമ്മിറ്റിയുടെ ചെയര്‍മാന്‍. എല്ലാ വകുപ്പുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളേയും കമ്മിറ്റിയില്‍ ചേര്‍ത്തിട്ടുണ്ട്.

അതേസമയം സംഘര്‍ഷത്തില്‍ തന്നെ കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി പുറത്തുവന്നു. നസീം പിടിച്ചുവെച്ചുവെന്നും അഖില്‍ പൊലീസിന് മൊഴി നല്‍കി. യൂണിറ്റ് കമ്മിറ്റി നിര്‍ദേശം അനുസരിക്കാത്ത ഒരു വിഭാഗം ഉണ്ടായിരുന്നുവെന്നും ഇതില്‍ യൂണിറ്റ് കമ്മിറ്റിയിലുള്ളവര്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും അഖില്‍ പറഞ്ഞു. പാട്ട് പാടരുതെന്നും ക്ലാസില്‍ പോകണമെന്നും ഇവര്‍ പറഞ്ഞു. ഇത് അനുസരിക്കാത്തതാണ് സംഘര്‍ഷത്തിന് കാരണമായതെന്നുമാണ് മൊഴി നല്‍കിയിരിക്കുന്നത്.

എസ്എഫ്‌ഐയുടെ ധിക്കാരം അംഗീകരിക്കാത്തിലുള്ള വിരോധമാണെന്നും അഖില്‍ പോലീസിനോട് പറഞ്ഞു. വധശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം ആക്രമിക്കാന്‍ ശിവരഞ്ജിത്തിനെ സഹായിച്ചത് നസീമാണെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് നേരത്തെ അഖില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് അനുമതി നല്‍കണമെന്നും പൊലീസ് ഡോക്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Top