തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം നടന്നത് ഒരു നിയമ സമാധാന പ്രശ്‌നമായി മാത്രം കാണേണ്ടതില്ലെന്നും യൂണിവേഴ്‌സിറ്റി കോളജിലെ ക്രിമിനലുകള്‍ പിഎസ്സി പരീക്ഷകളില്‍ റാങ്ക് നേടുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ വാര്‍ത്തെടുക്കുകയും കൊലയാളികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കളരിയായി പ്രശസ്തമായ യൂണിവേഴ്‌സിറ്റി കോളജ് അധഃപതിക്കാന്‍ അനുവദിക്കാനാവില്ല. കുറ്റവാളി കൊല ചെയ്യുക എന്ന ഉദേശത്തോടെ കുത്തുകയായിരുന്നു എന്നതു വ്യക്തമാണ്. പരിശീലനം സിദ്ധിച്ച രീതിയില്‍ ശാസ്ത്രീയമാണ് അയാള്‍ കുത്തിയത്. ഇയാളെ ആരു പരിശീലിപ്പിച്ചു, എവിടെ നിന്നായിരുന്നു പ്രചോദനം എന്നത് അന്വേഷിക്കേണ്ടതാണ്- ശ്രീധരന്‍ പിള്ള പറഞ്ഞു.
സിബിഐ നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.