യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായത് അനിഷ്ട സംഭവമല്ല, നികൃഷ്ട സംഭവമെന്ന് പ്രൊഫ. എം കെ സാനു

കൊച്ചി: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ചത് നികൃഷ്ടമായ സംഭവമാണെന്ന് നിരൂപകനും അധ്യാപകനുമായ പ്രൊഫ. എം കെ സാനു. ഇത് തീര്‍ത്തും അപലപനീയമാണെന്നും അംഗീകരിക്കാനാവാത്തതാണെന്നും പ്രൊഫ. സാനു പറഞ്ഞു.

ഇത്തരം കൃത്യങ്ങളെ ഞങ്ങളെപ്പോലുള്ള പൊതുപ്രവര്‍ത്തകര്‍ ഒരിക്കലും ന്യായീകരിക്കാറില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ സംഘനാപരമായും അല്ലാതെയും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആ വ്യത്യാസങ്ങളെയൊക്കെ അതിവര്‍ത്തിച്ച് വിദ്യാര്‍ത്ഥികള്‍ സഹോദരങ്ങളായി കഴിയണമെന്നാണ് അധ്യാപകനെന്ന നിലയില്‍ തനിക്ക് പറയാനുള്ളതെന്ന് എം കെ സാനു കൂട്ടിച്ചേര്‍ത്തു.

അതേസമയം കേസിലെ പ്രതികളായ എസ്.എഫ്.ഐ നേതാക്കള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ തീരുമാനമായി. കോടതിയുടെ അനുമതിയോടെ പ്രതികള്‍ക്കായി വീടുകളിലും ബന്ധുക്കളുടെ വീടുകളിലും വ്യാപക തിരച്ചില്‍ നടത്താനും പോലീസ് നീക്കമുണ്ട്.

അതേസമയം അന്വേഷണ സംഘത്തിന് ഇന്നും അഖിലിന്റെ മൊഴി രേഖപ്പെടുത്താനായില്ല. അന്വേഷണ സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയെങ്കിലും മൊഴിയെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമേ മൊഴിയെടുക്കാവൂ എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് കണ്‍ഡോണ്‍മെന്റ് സിഐ അനില്‍കുമാര്‍ പറഞ്ഞു.

കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്സി റാങ്ക് പട്ടികയില്‍ ഉന്നത റാങ്കുകള്‍ നേടിയത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ചിന് അന്വേഷണച്ചുമതല നല്‍കി. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്നതാകും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുക. പരീക്ഷയില്‍ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.

വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് നിയമന റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നു മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഒന്നാം പ്രതി റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതു സംശയകരമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

Top