യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; ജീവനില്‍ പേടിയുണ്ടെന്ന് അഖിലിന്റെ സുഹൃത്ത് ജിതിന്‍

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ജീവനില്‍ പേടിയുണ്ടെന്ന് അഖിലിന്റെ സുഹൃത്ത് ജിതിന്‍.

സംഭവം നടന്ന അന്ന് തന്നെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഇടപെട്ടു എന്നും ജിതിന്‍ വെളിപ്പെടുത്തി. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് അടക്കം പ്രശ്‌നത്തില്‍ ഇടപെട്ടു സംസാരിച്ചെന്നും ജിതിന്‍ വ്യക്തമാക്കി.

അതേസമയം യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പാള്‍ എസ്എഫ്ഐയുടെ കയ്യിലെ പാവയാണെന്ന് വെളിപ്പെടുത്തലുമായി നേരത്തെ ആത്മഹത്യക്ക് ശ്രമിച്ച മുന്‍വിദ്യാര്‍ത്ഥിനി നിഖില. കോളേജില്‍ എസ്എഫ്ഐക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നത് പ്രിന്‍സിപ്പാളാണെന്നും നിഖില പറഞ്ഞു.

അഖിലിനെ കുത്തിയ കേസിലെ പ്രതിയായ നസീം മുമ്പ് ഒളിവില്‍ കഴിഞ്ഞത് കോളേജില്‍ തന്നെയായിരുന്നുവെന്നും പൊലീസുകാരനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നസീം കോളേജിലെ എസ്എഫ്ഐ യൂണിറ്റ് മുറിയില്‍ ഒളിവില്‍ കഴിഞ്ഞതെന്നും നിഖില വ്യക്തമാക്കി.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കോളേജ് കാന്റീനില്‍ പ്രവേശിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അനുവദിക്കാറില്ല. അതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തും. എല്ലാവരും എസ്എഫ്ഐയില്‍ ചേര്‍ന്നേ പറ്റൂ എന്നാണ് അവരുടെ നിലപാട്. എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞാല്‍ ഇവിടെ ഞങ്ങളാണ് ഭരിക്കുന്നത് അനുസരിച്ച് മുന്നോട്ടുപോയാല്‍ പഠിക്കാന്‍ അനുവദിക്കുമെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുമെന്നും നിഖില കൂട്ടിച്ചേര്‍ത്തു.

നിഖിലയ്ക്ക് കോളേജില്‍നിന്ന് ദുരനുഭവങ്ങള്‍ മാത്രമാണ് ഉണ്ടായത്. എസ്എഫ്ഐക്കെതിരെ പ്രതിഷേധിച്ചവരെ അവര്‍ അടിച്ചമര്‍ത്തും. പരീക്ഷയുടെ തലേദിവസം പെണ്‍കുട്ടികള്‍ പോസ്റ്ററുകള്‍ ഉണ്ടാക്കി എത്താന്‍ പറഞ്ഞു. അത് നിഷേധിച്ച് വാട്സ് ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. പല പെണ്‍കുട്ടികളുടെയും പഠനമോ ആരോഗ്യസ്ഥിതിയോ കണക്കിലെടുക്കാതെ ദിവസവും നിര്‍ബന്ധിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ചിന് കൊണ്ടുപോകും. നിഷേധിച്ചാല്‍ പരീക്ഷ എഴുതാന്‍ സമ്മതിക്കില്ലെന്നും കോളേജില്‍ ഒറ്റപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും നിഖില വ്യക്തമാക്കി.

Top