എസ്എഫ്ഐ യൂണിറ്റില്‍ അക്രമികള്‍ക്ക് അവസരം നല്‍കിയതു കുറ്റകരമാണെന്ന് എം.എ. ബേബി

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റില്‍ അക്രമികള്‍ക്ക് അവസരം നല്‍കിയത് കുറ്റകരമാണെന്ന് ബേബി വിമര്‍ശിച്ചു.

ഇത് എസ്എഫ്‌ഐയുടെ നയമല്ല, എസ്എഫ്‌ഐ വേഷധാരികളുടേതാണ്. സംഘടനയുടെ മുദ്രാവാക്യം അറിയാവുന്നവര്‍ നേതൃത്വത്തില്‍ വരണമെന്നും സംഘടനയുടെ കോളജ് യൂണിറ്റ് പിരിച്ചുവിട്ടാല്‍ പോരയെന്നും ശക്തമായ തുടര്‍നടപടി വേണമെന്നും ബേബി വ്യക്തമാക്കി.

അതേസമയം കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്സി റാങ്ക് പട്ടികയില്‍ ഉന്നത റാങ്കുകള്‍ നേടിയത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. ഇവര്‍ക്കു യൂണിവേഴ്സിറ്റി കോളേജില്‍ തന്നെ പരീക്ഷ എഴുതാന്‍ സൗകര്യം ഒരുക്കിയതും അന്വേഷണ വിധേയമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം പിഎസ്സി റാങ്ക് പട്ടികയിലെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിന് അന്വേഷണച്ചുമതല നല്‍കി. പരീക്ഷയില്‍ ക്രമക്കേട് നടന്നോ എന്നതാകും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുക. പരീക്ഷയില്‍ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്‌ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.

വധശ്രമക്കേസിലെ പ്രതികള്‍ പൊലീസ് നിയമന റാങ്ക് പട്ടികയില്‍ മുന്നിലെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റാങ്ക് പട്ടിക റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നു മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഒന്നാം പ്രതി റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയതു സംശയകരമാണെന്നും സെന്‍കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസില്‍ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ പിഎസ്സി റാങ്ക് പട്ടികയിലെ ഉന്നത റാങ്കുകാരാണെന്നു വെളിപ്പെട്ടിരുന്നു. കണ്ണൂര്‍ ആസ്ഥാനമായ കഐപി 4 ബറ്റാലിയനിലെ പോലീസ് കോണ്‍സ്റ്റബിള്‍ നിയമനത്തിനുള്ള റാങ്ക് പട്ടികയിലാണ് പ്രതികള്‍ കൂട്ടത്തോടെ ഇടംപിടിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്.

സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. 78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്.

Top