university college issue-cpi against sfi again

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് വിഷയത്തിൽ എസ്എഫ്ഐക്കും സർക്കാറിനുമെതിരെ നിലപാടെടുത്ത് വെല്ലുവിളി ഉയർത്തിയ സി പി ഐയും എഐഎസ്എഫും യൂണിവേഴ്സിറ്റി കോളേജ് വിവാദത്തിലും ഇടപെടുന്നു.

യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാർ മർദ്ദിച്ചുവെന്ന് ആരോപിച്ച് പരാതിയുമായി രംഗത്ത് വന്ന വിദ്യാർത്ഥിനികളായ അഷ്മിതയും സൂര്യഗായത്രിയും സഹായം അഭ്യർത്ഥിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദർശിച്ചതോടെയാണ് പ്രശ്നം സി പി ഐ ഏറ്റെടുത്തത്.

വിദ്യാർത്ഥി വിഭാഗമായ എഐഎസ്എഫിനോട് വിഷയത്തിൽ സജീവമായി ഇടപെടാൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. മുതിർന്ന സി പി ഐക്കാരായ അഭിഭാഷകരെയാണ് കേസ് സംബന്ധമായ കാര്യങ്ങളുമായി മുന്നോട്ട് പോകാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.

തങ്ങൾ നൽകിയ മൊഴിയോ പരാതി പ്രകാരമുള്ള വകുപ്പുകളോ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ചുമത്തിയിട്ടില്ലന്നാണ് അഷ്മിതയും സൂര്യഗായത്രിയും ആരോപിക്കുന്നത്.

ശാരീരികമായും മാനസികമായും നടത്തിയ ആക്രമണത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർ മുൻപാകെ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലന്ന് വിദ്യാർത്ഥിനികൾ സി പി ഐ നേതൃത്യത്തോട് വിശദീകരിച്ചു. കൂടെ മർദ്ദനമേറ്റ ജിജീഷ് നൽകിയ പരാതിയിൽ മാത്രമാണ് കേസെടുത്തിരിക്കുന്നത്. അതും എളുപ്പത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പിൽ.

കോളേജിൽ നാടകം കാണുന്നതിനായി വന്ന സുഹൃത്ത് ജിജീഷിനെ അകാരണമായി മർദിച്ചതിനെ ചോദ്യം ചെയ്തതിനാണ് തങ്ങളെയും മർദ്ദിച്ചതെന്നാണ് പെൺകുട്ടികളുടെ ആരോപണം.

മുൻപ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാരുമായി എഐഎസ്എഫ് നേത്യത്വം സംഘർഷത്തിലായ സാഹചര്യമുണ്ടായതിനാൽ തിരിച്ചടിക്കാൻ ഈ സംഭവം ആയുധമാക്കാനൊരുങ്ങുകയാണ് സംഘടനാ നേതൃത്വം.

കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിപ്പിക്കുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം.

ലോ അക്കാദമി സമരത്തിൽ എസ്എഫ്ഐയെ ഒറ്റുകാരെന്ന് വിളിച്ചു പരസ്യമായി രംഗത്ത് വന്ന എഐഎസ്എഫ് നേതൃത്വം കെ എസ് യു, എ ബി വി പി, എം എസ് എഫ് തുടങ്ങിയ പ്രതിപക്ഷ സംഘടനകൾക്കൊപ്പം നിന്ന് എസ്എഫ്ഐക്കും സർക്കാറിനുമെതിരെ ആഞ്ഞടിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയെ പോലും വിമർശിച്ച് സിപിഐ നേതൃത്വവും രംഗത്ത് വന്നിരുന്നു.

പ്രതിപക്ഷത്തിന്റെ കൂടെ നിന്ന് സർക്കാറിനെ പ്രതിസന്ധിയിലാക്കുന്നതിന് സി പി ഐക്ക് മുഖ്യമന്ത്രിയും സി പി എം നേതൃത്വവും തിരിച്ച് മറുപടി കൊടുക്കുകയുമുണ്ടായി. തല മറന്ന് എണ്ണ തേക്കരുതെന്ന് സി പി ഐ നേതൃത്യത്തിന് എസ്എഫ്ഐയും മുന്നറിയിപ്പ് നൽകിയിരുന്നു.

ഭരണപക്ഷത്തെ പ്രധാന പാർട്ടികൾക്കിടയിൽ രൂപപ്പെട്ട ഭിന്നത സർക്കാറിനെ പോലും ബാധിക്കുന്ന ഘട്ടമെത്തിയപ്പോൾ സി പി ഐ മന്ത്രിയായ വി എസ് സുനിൽകുമാർ ഉൾപ്പെടെ രംഗത്തിറങ്ങി സമരക്കാരുമായി ഒത്തുതീർപ്പ് ഫോർമുലയുണ്ടാക്കി വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിധ്യത്തിൽ സമരം അവസാനിപ്പിക്കുകയായിരുന്നു.

തങ്ങൾ നേടിയതിനപ്പുറം ഒരു നേട്ടവും സമരക്കാർ കൂടുതൽ ദിവസം സമരം നടത്തിയിട്ടും നേടിയിട്ടില്ലന്നാണ് എസ്എഫ്ഐയുടെ നിലപാട്. എന്നാൽ മന്ത്രിയുടെ മുന്നിൽ ധാരണയുണ്ടാക്കിച്ചത് നേട്ടമാണെന്നാണ് എഐഎസ്എഫ് അടക്കമുള്ള സംഘടനകൾ അവകാശപ്പെടുന്നത്..

സമരം അവസാനിച്ചിട്ടും സോഷ്യൽ മീഡിയകളിൽ ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയുമാണ്. ഇതിനിടെയാണ് ഇപ്പോൾ എരിതീയിൽ എണ്ണ ഒഴിക്കുന്നതിന് തുല്യമായി എഐഎസ്എഫിന് യൂണിവേഴ്‌സിറ്റി സംഭവവും വീണു കിട്ടിയിരിക്കുന്നത്.

എസ്എഫ്ഐ ആധിപത്യമുള്ള കാമ്പസ് എന്നതിലുപരി സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം രാഷ്ട്രീയവൽക്കരിക്കപ്പെട്ടതും പ്രതികരണ ശേഷിയുള്ള വിദ്യാർത്ഥികളാൽ സമ്പന്നവുമായ കോളേജാണ് യുണിവേഴ്സിറ്റി കോളേജ്.

ഇടതുപക്ഷം പ്രതിപക്ഷത്താകുന്ന ഘട്ടങ്ങളിലെല്ലാം സർക്കാറിനെതിരായ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പ്രതിഷേധ കൊടുങ്കാറ്റ് സെക്രട്ടറിയേറ്റിന് മുന്നിൽ ആഞ്ഞടിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നവരാണ് ഈ കാമ്പസിലെ എസ്എഫ്ഐക്കാർ.

പൊലീസുമായി ഏറ്റുമുട്ടുക എന്നത് ഒരു ആവേശമായി കാണുന്ന വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്. സി പി എംനെ സംബന്ധിച്ച് പോരാളികളുടെ കാമ്പസ് ആണിത്.

എതിരില്ലാതെ എസ്എഫ്ഐ മാത്രം വാഴുന്ന ആ കാമ്പസിലാണ് ഇപ്പോൾ സി പി ഐയുടെ പിന്തുണയോടെ എഐഎസ്എഫ് കൈവയ്ക്കാനൊരുങ്ങുന്നത്.

വിദ്യാർത്ഥിനികളെ മർദ്ദിച്ച എസ്എഫ്ഐ പ്രപർത്തകർക്കെതിരെ നടപടി സ്വീകരിക്കുക എന്ന’തൊട്ടാൽപൊള്ളുന്ന’മുദ്യാവാക്യമുയർത്തിയാണ് ‘വല്യേട്ടന് ‘ എതിരെയുള്ള ഈ നീക്കം

കൂടാതെ ഈ രണ്ട് വിദ്യാർത്ഥിനികളിലൂടെ യൂണിവേഴ്സിറ്റി കോളേജിനകത്ത് സംഘടനാ പ്രവർത്തനമായി കടന്നു ചെല്ലുക എന്നതും എഐഎസ്എഫിന്റെ ലക്ഷ്യമാണ്.

വീണ്ടും സംഘർഷത്തിന് സാധ്യതയുള്ള നീക്കമാണിത്. പ്രത്യേകിച്ച് എഐഎസ്എഫുമായി ഒരു സഹകരണത്തിനും മേലിൽ ഇല്ലന്ന് ലോ അക്കാദമി സമരത്തിന് ശേഷം എസ്എഫ്ഐ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ.

അതേസമയം വിവാദ വിഷയത്തിൽ എസ്എഫ്ഐ ഇപ്പോഴും നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

കോളേജിനകത്ത് പൂർവ്വ വിദ്യാർത്ഥി പോലും അല്ലാത്ത ഒരു വ്യക്തിയെ കൊണ്ട് വന്ന് മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയും കോളേജ് യൂണിയനും ആരോപിക്കുന്നത്.

നാടകപ്രദർശനം കോളേജിലുള്ളവർക്കും പൂർവ്വ വിദ്യാർത്ഥികൾക്കും മാത്രമായി സംഘടിപ്പിച്ചിട്ടുള്ളതായിരുന്നുവെന്നും ക്ലാസ്സ് മുറിയിൽ അരുതാത്തത് കണ്ടപ്പോൾ ചോദ്യം ചെയ്ത വിദ്യാർത്ഥിനിയോട് തട്ടി കയറിയതാണ് ബഹളത്തിന് കാരണമായതെന്നുമാണ് അവരുടെ വിശദീകരണം.

സംഭവത്തിന്റെ തൊട്ടടുത്ത ദിവസം ഗവർണ്ണർ പങ്കെടുക്കേണ്ട പരിപാടി കോളേജിലുള്ളപ്പോൾ ഏതെങ്കിലും തരത്തിലുള്ള സംഘർഷം ആരെങ്കിലും മന:പൂർവം ഉണ്ടാക്കാൻ ശ്രമിച്ചാൽ പോലും ഒഴിവാക്കാനല്ലേ തങ്ങൾ ശ്രമിക്കുക എന്നാണ് എസ്എഫ്ഐ നേതാക്കൾ ഉയർത്തുന്ന ചോദ്യം.

Top