തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഗുണ്ടാ ആക്രമണ കേസില്‍ പൊലീസിനെതിരെ പരാതിക്കാര്‍. തങ്ങള്‍ നല്‍കിയ മൊഴിയോ, പരാതി പ്രകാരമുളള വകുപ്പുകളോ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥിനികളായ അഷ്മിതയും സൂര്യഗായത്രിയും ആരോപിച്ചു.
ശാരീരികമായും മാനസികമായും തങ്ങള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണര്‍ മുന്‍പാകെ പരാതി നല്‍കിയിട്ടും പൊലീസ് ഇതില്‍ ഇടപെടുന്നില്ല. നിലവില്‍ ജിജീഷ് നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ ഇതില്‍ പൊലീസിട്ട എഫ്ഐആറില്‍ ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്നതുമാണ് അത്. കൂടാതെ തങ്ങള്‍ നല്‍കിയ മൊഴികള്‍ അതില്‍ രേഖപ്പെടുത്തിയിട്ടില്ല. തങ്ങള്‍ ഉന്നയിച്ച പരാതി പ്രകാരമുളള വകുപ്പുകള്‍ അല്ല പൊലീസ് ചുമത്തിയിരിക്കുന്നതെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു.
ദേശീയ വനിതാ കമ്മീഷനിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. കമ്മീഷണര്‍ക്ക് നല്‍കിയ പരാതി പ്രകാരം പ്രത്യേക എഫ്ഐആര്‍ ഇടാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
ഒരേ പരാതിയില്‍ രണ്ടു കേസെടുക്കാന്‍ കഴിയില്ലെന്ന വിശദീകരണമാണ് ഇതിന് കന്റോണ്‍മെന്റ് പൊലീസ് നല്‍കിയത്. അങ്ങനെ ചെയ്താല്‍ ഇതിന് നിയമപരമായ സാധുത ഉണ്ടാകില്ലെന്നും പൊലീസ് പറയുന്നു. ജിജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും സൂര്യഗായത്രി, അഷ്മിത എന്നിവരുടെ മൊഴിയിലും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹി അടക്കം 13 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുളളതെന്നും പൊലീസ് അറിയിച്ചു.
എന്നാല്‍ സദാചാര ഗുണ്ടാആക്രമണത്തിന് ഇരയായ തൃശൂര്‍ സ്വദേശി ജിജേഷിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടുണ്ട്. കോളേജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിനി ഷബാന നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് കുറ്റം. ജിജേഷ് തന്നെ കയ്യേറ്റം ചെയ്യുകയും അസഭ്യം വിളിച്ച് അപമാനിക്കുകയും ചെയ്തതായി ഷബാന മൊഴി നല്‍കി.
സംഭവത്തിന് ദൃക്സാക്ഷിയായി ഇവര്‍ക്കൊപ്പം ഹാജരായ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി സൗമ്യയും ജിജേഷിനെതിരെ മൊഴി നല്‍കി. ഇയാള്‍ അപമാനിക്കും വിധം പെരുമാറിയെന്നാണ് സൗമ്യയുടെയും മൊഴി. സദാചാര ഗുണ്ടാ അക്രമണം നടന്ന ദിവസം തന്നെ ജിജേഷിനെതിരെ ഷബാന പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്ന് ഷബാന നേരിട്ടു സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നില്ല. ആണ്‍കുട്ടികളാണ് ഇവരുടെ പരാതി സ്റ്റേഷനിലെത്തിച്ചതെന്ന് പൊലീസ് പറയുന്നു.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളായ സൂര്യഗായത്രി, അഷ്മിത എന്നിവര്‍ക്കൊപ്പം നാടകം കാണാന്‍ എത്തിയപ്പോഴാണ് ജിജേഷിന് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനമേല്‍ക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ചുമത്തിയിട്ടും ഇതുവരെ ആരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.