university college issue-sfi

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ യുവാവിനു മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി എസ്എഫ്‌ഐ. സംഭവം സദാചാര ഗുണ്ടായിസമാണെന്ന് തെളിഞ്ഞാല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ് പറഞ്ഞു.

ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങള്‍ ഇപ്പോള്‍ എസ്എഫ്‌ഐക്കെതിരായ വാര്‍ത്തകള്‍ മാത്രമേ നല്‍കുന്നുള്ളുവെന്നും ജെയ്ക് വ്യക്തമാക്കി.

യൂണിവേഴ്‌സിറ്റി കോളേജില്‍ നാടകം നടക്കുന്നതിനിടയില്‍ പെണ്‍കുട്ടികളുമായി സംസാരിച്ചതിന്റെ പേരില്‍ തൃശൂര്‍ സ്വദേശി ജിജീഷ് എന്ന യുവാവിനെ കണ്ടാലറിയുന്ന ഏതാനും എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം പത്തോളം പേരടങ്ങുന്ന എസ്എഫ്‌ഐ സംഘം മര്‍ദ്ദിച്ചുവെന്നായിരുന്ന പരാതി. പരിക്കേറ്റ ജിജീഷ് ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മര്‍ദ്ദനത്തിനിരയായ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോളേജ് യൂണിയന്‍ സെക്രട്ടറിയടക്കം 13 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

എന്നാല്‍ കോളേജില്‍ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നമാണ് സംഘര്‍ഷമുണ്ടാവാന്‍ കാരണമെന്നാണ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയുടെ വിശദീകരണം. പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചതിന് എസ്എഫ്‌ഐയും പ്രിന്‍സിപ്പലിനും കന്റോണ്‍മെന്റ് പൊലീസിനും പരാതി നല്‍കിയിട്ടുണ്ട്.

കോളേജില്‍ പരിപാടി കാണെനെത്തിയ ജിജീഷ്, യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിനികളായ ജാനകി, സൂര്യഗായത്രി എന്നിവരെയാണ് എസ്എഫ്ആക്കാര്‍ മര്‍ദ്ദിച്ചത്. ഒരുമിച്ചിരുന്ന ജിജീഷിനെ ‘നിനക്ക് പെണ്‍കുട്ടികളുടെ ഒപ്പമല്ലാതെ ഇരിക്കാന്‍ പറ്റില്ലേ’ എന്നു ചോദിച്ചാണ് പത്തോളം പേരടങ്ങുന്ന എസ്എഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതെന്നും ജിജീഷ് പറയുന്നു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടികളെ പുറത്താക്കി ഗേറ്റ് പൂട്ടിയിട്ട് ജിജീഷിനെ മര്‍ദ്ദിച്ചുവെന്ന് പെണ്‍കുട്ടികളിലൊരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

Top