യൂണിവേഴ്‌സിറ്റി കോളേജിലെ കൊലപാതകശ്രമം; ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിക്കെതിരെ നടത്തിയ വധശ്രമ കേസില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ഒരാഴ്ചയോളമായി അഖിലിന്റെ സംഘവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നാണ് ആക്രമിച്ചതെന്നും ഇവര്‍ മൊഴി നല്‍കി. അഖിലിനെ കുത്തിയത് തങ്ങളാണെന്ന് ശിവരഞ്ജിത്തും നസീമും സമ്മതിച്ചിട്ടുണ്ട്. ഇവരുടെ മൊഴിയെടുക്കല്‍ ഇപ്പോഴും തുടരുകയാണ്.

കേസില്‍ ഉള്‍പെട്ട പ്രധാന പ്രതികളില്‍ അഞ്ചുപേര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. അതേസമയം അഖിലിനെ കുത്താനുപയോഗിച്ച കത്തി ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. അതേസമയം പ്രതികളുടെ മൊഴി പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല.

ഇന്ന് പുലര്‍ച്ചെയോടെയാണ് ശിവരഞ്ജിത്തിനെയും നസീമിനെയും പൊലീസ് പിടികൂടുന്നത്. ഓട്ടോയില്‍ കയറി കല്ലറയിലേക്ക് പോകും വഴി കേശവദാസപുരത്ത് വച്ചാണ് മുഖ്യപ്രതികളെ പിടികൂടിയത്.

അതേസമയം വധശ്രമ കേസില്‍ ആറ് വിദ്യാര്‍ത്ഥികളെ അനിശ്ചിതകാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു.കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം.എ.എന്‍, അമര്‍.എ.ആര്‍, അദ്വൈത് മണികണ്ഠന്‍, ആദില്‍ മുഹമ്മദ്, ആരോമല്‍.എസ്.നായര്‍, മുഹമ്മദ് ഇബ്രാഹീം എന്നിവരെയാണ് കോളേജ് കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തത്.

ഈ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെ കോളേജില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും ഇവര്‍ക്ക് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ് അസാധുവാക്കിയതായും ഉത്തരവില്‍ പറയുന്നു. കോളേജില്‍ നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അന്വേഷണ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പാള്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

Top