തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജില്‍നിന്നും പൊലീസ് പുറത്ത്. ഇനി കോളേജില്‍ കയറേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. അഞ്ച് പൊലീസുകാരാണ് കോളേജിനുള്ളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.
പൊലീസ് മോശമായി പെരുമാറിയെന്നാരോപിച്ച് ചില വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിന്തുണച്ചിരുന്നു. ഇതിനിടെയാണ് ഇനി കോളേജിനുള്ളില്‍ കയറേണ്ടെന്ന് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. പ്രിന്‍സിപ്പാളോ ഉന്നത വിദ്യാഭ്യാസ വകുപ്പോ ആവശ്യപ്പെട്ടാല്‍ മാത്രം ക്യാംപസിനുള്ളില്‍ കയറിയാല്‍ മതിയെന്നും പൊലീസുകാരോട് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി എടുത്തു. 9 വിദ്യാര്‍ത്ഥികളെക്കൂടി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പാള്‍ പൊലീസിനെ അറിയിച്ചു. കോളേജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 19 പേരെയാണ് പ്രതികളായി പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആറുപേരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
അതിനിടെ പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സംരക്ഷിക്കുകയാണ് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വധശ്രമക്കേസില്‍ ഉള്‍പ്പെട്ടവരെന്ന് തിരിച്ചറിഞ്ഞ എല്ലാവര്‍ക്കുമെതിരെ നടപടിയെടുത്തിട്ടില്ലെന്നാണ് ആരോപണമുയരുന്നത്. ബാക്കിയുള്ള നാല് പേരുടെ കാര്യത്തില്‍ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് ആരോപണം.