മാര്‍ക്ക് ദാന വിവാദത്തില്‍ സിബിഐ അന്വേഷണം വേണം; കെ.മുരളീധരന്‍

ന്യൂഡല്‍ഹി: മാര്‍ക്ക് ദാന വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍. ലോക്‌സഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. ‘എം.ജി സര്‍വ്വകലാശാലയില്‍ ചട്ടവിരുദ്ധമായാണ് മാര്‍ക്ക് ദാനം നടന്നത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്’. സമാനമായ ആരോപണമാണ് കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഇടപെട്ട് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും കെ.മുരളീധരന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

കേരള സര്‍വ്വകലാശാലയില്‍ 2016 മുതല്‍ 2019 വരെയുള്ള ബിരുദ പരീക്ഷകളുടെ മാര്‍ക്കിലാണ് ക്രമക്കേട് കണ്ടെത്തിയത്. 16 ബി.എ, ബിഎസ്സി പരീക്ഷകളിലാണ് ക്രമക്കേട് നടന്നത്.മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് നടന്നത് രണ്ട് ഡെപ്യൂട്ടി രജിസ്ട്രാര്‍മാര്‍ക്ക് നല്‍കിയ പാസ് വേര്‍ഡ് ഉപയോഗിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ തെളിഞ്ഞിരുന്നു.സംഭവത്തില്‍ സൈബര്‍ സെല്ലിന്റെ സഹകരണത്തോടെ ജില്ലാ ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

അതേ സമയംമാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുക്കുന്നത് വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് ഡിവൈഎസ്പിഎംഎസ് സന്തോഷ് വ്യക്തമാക്കി.സംഭവത്തില്‍ സര്‍വകലാശാല റജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവരില്‍ നിന്ന് വിവര ശേഖരണം നടത്തിയെന്ന് ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു. സര്‍വകലാശാലയിലെ കംപ്യൂട്ടര്‍സെന്ററില്‍ പരിശോധന നടത്തുകയുംസര്‍വകലാശാല രേഖകള്‍ പരിശോധിക്കുകയും ചെയ്തു. ബോധപൂര്‍വ്വമുള്ള തട്ടിപ്പാണോ സോഫ്ട് വെയര്‍ തകരാറാണോ എന്ന് പരിശോധിക്കുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.

Top