തിരുവനന്തപുരം: ലോ അക്കാദമിക്ക് അംഗീകാരം നല്‍കിയതിന്റെ രേഖകള്‍ കൈവശമില്ലെന്ന് കേരള സര്‍വകലാശാല. അക്കാദമിയുടെ കൈവശമുള്ള ഭൂമിയെ കുറിച്ച് കൃത്യമായ വിവരം ഇല്ലെന്നും സര്‍വകലാശാല അറിയിച്ചു.
ഗവര്‍ണറും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടങ്ങിയ ട്രസ്റ്റിനാണ് ലോ അക്കാദമിക്കുളള ഭൂമി നല്‍കിയിരിക്കുന്നതെന്നാണ് നിയമസഭാ രേഖകള്‍ വ്യക്തമാക്കുന്നത്.1968ലാണ് സര്‍ക്കാര്‍ ഭൂമി ലോ അക്കാദമിക്ക് പാട്ടത്തിന് നല്‍കുന്നത്. അതേസമയം ഇപ്പോള്‍ ഇത്തരമൊരു ട്രസ്റ്റ് നിലവിലില്ല.
ഇന്‍േറണല്‍ മാര്‍ക്കിനെ കുറിച്ചും ഹാജര്‍ പരിശോധനയിലെ പൊരുത്തക്കേടുകളെ കുറിച്ചുമുള്ള വിദ്യാര്‍ഥികളുടെ പരാതികളില്‍ സത്യമുണ്ടെന്ന് സിന്റിക്കേറ്റ് ഉപസമിതിയും പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. മറ്റ് രേഖകളില്‍ പരിശോധന തുടരുന്ന സമിതി അന്തിമ റിപ്പോര്‍ട്ട് നാളെ തയ്യാറാക്കും.
പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ റെസ്‌റ്റോറന്റില്‍ അടിമകളെപ്പോലെ തങ്ങളെക്കൊണ്ട് പണിയെടുപ്പിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ഉപസമിതിക്ക് മൊഴി നല്‍കി. പണിയെടുത്തില്ലെങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു.
ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ സമിതി പരിശോധിച്ചു. പരിശോധനയില്‍ ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതില്‍ ക്രമക്കേട് നടന്നതെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. 200 വിദ്യാര്‍ത്ഥികളാണ് തെളിവെടുപ്പില്‍ ഉപസമിതിക്ക് മുമ്പാകെ എത്തിയത്. കൂടുതല്‍ പേരും മൊഴി എഴുതി നല്‍കുകയായിരുന്നു.
ഒരു പ്രിന്‍സിപ്പലിന് യോജിക്കാത്ത രീതിയിലുള്ള പെരുമാറ്റമാണ് ലക്ഷ്മി നായര്‍ നടത്തിയതെന്ന് വിദ്യാര്‍ത്ഥികളുടെ മൊഴിയില്‍ നിന്ന് തെളിഞ്ഞതായി ഉപസമിതിയിലെ ഒരംഗം അഭിപ്രായപ്പെട്ടു.
അതേസമയം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന സമരം തുടരുകയാണ്.