ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹോസ്റ്റലിലെ ശുചിമുറിയുടെ വരാന്തയില്‍ സാനിറ്ററി നാപ്കിന്‍ കണ്ടതിനെത്തുടര്‍ന്ന് വിദ്യാര്‍ഥിനികളുടെ ദേഹപരിശോധന നടത്തിയ സംഭവം വിവാദമാവുന്നു. ഡോ.എച്ച്.എസ്.ഗൗര്‍ കേന്ദ്രസര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളാണ് പരാതിയുമായി വൈസ് ചാന്‍സലറെ സമീപിച്ചത്.
ശുചിമുറിയിലേക്ക് നീളുന്ന വരാന്തയില്‍ ഉപയോഗിച്ചുപേക്ഷിച്ച നാപ്കിന്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ വിദ്യാര്‍ഥിനികളുടെ ദേഹപരിശോധന നടത്തുകയും, അവരോട് മോശമായി പെരുമാറുകയും ചെയ്‌തെന്നായിരുന്നു പരാതി. എന്നാല്‍, വാര്‍ഡനോട് അന്വേഷിച്ചപ്പോള്‍ അവര്‍ ആരോപണങ്ങള്‍ നിഷേധിച്ചെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തി മൂന്നുദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മൂന്നംഗസമിതിയെ വൈസ് ചാന്‍സലര്‍ അറിയിച്ചു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ വാര്‍ഡനെതിരെ നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.