എ.ഐ ക്യാമറയില്‍ പതിഞ്ഞ അജ്ഞാത; ക്യാമറ പരിശോധിക്കും, മോട്ടര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി

കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ ഫോട്ടോ ഉള്‍പ്പെട്ട സംഭവത്തില്‍ മോട്ടര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. അതേസമയം സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ല. ക്യാമറയില്‍ ഒരു ചിത്രത്തിനു മുകളില്‍ മറ്റൊരു ചിത്രം പതിയാന്‍ ഇടയില്ലെന്നാണു മോട്ടര്‍ വാഹന വകുപ്പു പറയുന്നത്. യഥാര്‍ഥ കാരണം കണ്ടെത്തണമെങ്കില്‍ ക്യാമറ പരിശോധിക്കണം.

അതിനിടെ വാഹന ഉടമ 1000 രൂപ പിഴ അടച്ചു. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശികള്‍ പയ്യന്നൂരിലേക്കു കാറില്‍ വരുമ്പോഴാണു കഴിഞ്ഞ മാസം 3ന് രാത്രി 8.27ന് പയ്യന്നൂര്‍ റെയില്‍വേ മേല്‍പാലത്തിനു സമീപമുള്ള ക്യാമറയില്‍ പതിഞ്ഞത്. മുന്‍സീറ്റിലുള്ള 2 പേരും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാലാണു പിഴ അടയ്ക്കാനുള്ള ചലാന്‍ ലഭിച്ചത്. ഇതിലുള്ള ചിത്രത്തിലാണ് പിന്‍സീറ്റില്‍ ഡ്രൈവറുടെ സമീപത്തായി ഒരു സ്ത്രീയുടെ ചിത്രം പതിഞ്ഞത്. പിന്‍സീറ്റിലുണ്ടായിരുന്ന 2 കുട്ടികളുടെ ചിത്രം പതിഞ്ഞിട്ടുമില്ല.

സംഭവത്തെ ചുറ്റിപറ്റി ധാരാളം പ്രതികരണങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. എ.ഐ. ക്യാമറയില്‍ പ്രേതത്തിന്റെ ചിത്രം പതിഞ്ഞുവെന്ന തരത്തിലാണ് പ്രചാരണം. അടുത്തിടെ പ്രദേശത്ത് മരിച്ച ഒരു സ്ത്രീയുടെ ചിത്രമാണിതെന്ന രീതിയില്‍ വ്യാജ ഓഡിയോയും പ്രചരിച്ചിരുന്നു. ഇതിനെതിരേ ആദിത്യന്റെ അമ്മയുടെ സഹോദരീഭര്‍ത്താവ് പി. പ്രദീപ് കുമാര്‍ പയ്യന്നൂര്‍ ഡിവൈ.എസ്.പി.ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.

 

Top