ന്യൂഡല്‍ഹി: മണിപ്പുരിലെ സായുധ സംഘമായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (UNLF) സമാധാന കരാറില്‍ ഒപ്പുവെച്ചു. ഡല്‍ഹിയില്‍ വച്ചാണ് അക്രമത്തിന്റെ പാത ഉപേക്ഷിച്ച് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനുള്ള ഉടമ്പടിയില്‍ സംഘടനാ പ്രതിനിധികള്‍ ഒപ്പുവച്ചത്. മണിപ്പുരില്‍ ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ചിരുന്ന വിമത സംഘടനയാണ്. മണിപ്പുര്‍ സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരുമായുള്ള സമാധാന കരാര്‍ യാഥാര്‍ഥ്യമായതോടെ ആറ് പതിറ്റാണ്ടുനീണ്ട സായുധ പോരാട്ടത്തിനാണ് അന്ത്യമായിരിക്കുന്നത്.
ചരിത്രപരമായ നേട്ടം എന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിനെ വിശേഷിപ്പിച്ചത്. യു.എന്‍.എല്‍.എഫ്. അംഗങ്ങള്‍ ആയുധങ്ങള്‍ താഴെ വയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അദ്ദേഹം എക്സില്‍ പങ്കുവച്ചു.
‘ചരിത്രപരമായൊരു നേട്ടം കൈവരിച്ചിരിക്കുന്നു. യു.എന്‍.എല്‍.എഫ്. സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുസ്ഥിരമായ സമാധാനം കൊണ്ടുവരാനുള്ള മോദി സര്‍ക്കാരിന്റെ പരിശ്രമങ്ങളില്‍ ഒരു പുതിയ അധ്യായം പിറന്നിരിക്കുകയാണ്. താഴ്വര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, മണിപ്പുരിലെ ഏറ്റവും പഴക്കം ചെന്ന സായുധസംഘം അക്രമം ഉപേക്ഷിച്ച് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാന്‍ സമ്മതിച്ചു. ജനാധിപത്യ പ്രക്രിയയിലേക്ക് ഞാനവരെ സ്വാഗതം ചെയ്യുകയാണ്. മുന്നോട്ടുള്ള പാതയില്‍ അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു.’ -അമിത് ഷാ എക്സില്‍ കുറിച്ചു.
മണിപ്പുര്‍ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ്ങും സമാധാന നീക്കത്തെ സ്വാഗതം ചെയ്തു. ഈ കൂട്ടായ പരിശ്രമം മണിപ്പുരിനും മുഴുവന്‍ വടക്കുകിഴക്കന്‍ മേഖലയ്ക്കും ഐക്യവും സമൃദ്ധിയും നിറഞ്ഞ ഭാവി സമ്മാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് മണിപ്പുരിലെ ഒരു സായുധസംഘം അക്രമം ഉപേക്ഷിച്ച് ഇന്ത്യന്‍ ഭരണഘടനയും, നിയമങ്ങളും അംഗീകരിച്ച് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കാനായെത്തുന്നത് എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ഉടമ്പടിയിലൂടെ യു.ന്‍.എല്‍.എഫും സുരക്ഷാസേനയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനും അതുവഴി ഇരുപക്ഷത്തുമുള്ള വിലപ്പെട്ട ജീവനുകള്‍ സംരക്ഷിക്കാനും കഴിയുമെന്നും മന്ത്രാലയം പറഞ്ഞു. യു.എന്‍.എല്‍.എഫിന്റെ തീരുമാനം താഴ്വരയിലെ മറ്റ് സായുധസംഘങ്ങള്‍ക്കും സമാധാനത്തിന്റെ പാത സ്വീകരിക്കാന്‍ പ്രചോദനമാകുമെന്ന പ്രത്യാശയും മന്ത്രാലയം പ്രകടിപ്പിച്ചു.