ഉന്നാവ് വാഹനാപകടം ; കൊലക്കുറ്റമില്ല, ബിജെപി എംഎല്‍എയെ പ്രതിയാക്കി സിബിഐ കുറ്റപത്രം

ന്യൂഡല്‍ഹി : ഉന്നാവ് വാഹനാപകട കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഉന്നാവ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ പ്രതിയാക്കിയാണ് കുറ്റപത്രം. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ കുല്‍ദീപിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ല.

കാര്‍ അപകടം നടന്നത് അശ്രദ്ധ കൊണ്ട് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് കേസില്‍ സിബിഐ അധിവേഗം അന്വേഷണം പൂര്‍ത്തിയാക്കിയത്.

ജൂലൈ 28 നാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിക്കുന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ സംഭവസ്ഥലത്ത് മരിച്ചിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നാവിലെ പെണ്‍കുട്ടി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് കത്ത് നല്‍കി പതിനാറാം ദിവസമാണ് അവരുടെ കാറില്‍ ട്രക്കിടിക്കുന്നത്. കാറില്‍ പെണ്‍കുട്ടിയോടൊപ്പമുണ്ടാകേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ കയറിയിരുന്നില്ല. പെണ്‍കുട്ടിയുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ക്കുകയും ചെയ്തിരുന്നു.

2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുമ്പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.

Top