ന്യൂഡല്‍ഹി : ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് പ്രതിയായ ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയെ ഡല്‍ഹിയിലേക്ക് മാറ്റിയേക്കും. ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു. പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് തടസ്സമില്ലെന്ന് കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പെണ്‍കുട്ടിയുടെ കുടുംബത്തോട് ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നതിനെക്കുറിച്ച് സംസാരിക്കണമെന്നും കുടുംബം ആഗ്രഹിക്കുന്നെങ്കില്‍ പെണ്‍കുട്ടിയേയും അഭിഭാഷകനെയും ഡല്‍ഹിയിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അഭിഭാഷകന്റെയും നില അതീവ ഗുരുതരമായി തുടരുകയാണ്. ഇരുവരും വെന്റിലേറ്ററിലാണ്. പെണ്‍കുട്ടിയുടെ വാരിയെല്ലും തുടയെല്ലുകളും പൊട്ടിയിട്ടുണ്ട്. നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ശ്വാസകോശത്തില്‍ രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. നിരവധി കുഴലുകളുടെ സഹായത്തോടെയാണ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം നടക്കുന്നതെന്നും ശ്വാസകോശത്തിലെ പരുക്കുകളാണ് സ്ഥിതി വഷളാക്കുന്നതെന്നും മെഡിക്കല്‍ സംഘം അറിയിച്ചിരുന്നു.
ബന്ധുവിനെ കാണുന്നതിനായി റായ്ബറേലിയിലെ ജില്ലാ ജയിലിലേക്കു പോകുന്നതിനിടെയാണ് പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നമ്പര്‍ പ്ലേറ്റ് മറച്ച ട്രക്ക് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അതേസമയം ഉന്നാവോ സംഭവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ലക്നൗ സിബിഐ കോടതിയില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. 7 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട കോടതി 45 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും വിചാരണയ്ക്കായി പ്രത്യേക ജഡ്ജിയെ നിയോഗിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
കുടുംബം ആഗ്രഹിക്കുന്നെങ്കില്‍ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ചികിത്സയ്ക്കായി ഡല്‍ഹിയിലേയ്ക്കു മാറ്റാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.
പെണ്‍കുട്ടിക്ക് 20 ലക്ഷം രൂപ അടിയന്തര സഹായം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കണമെന്നും പെണ്‍കുട്ടിക്കും കുടുംബത്തിനും സിആര്‍പിഎഫ് സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കി. അടിയന്തര സഹായം നാളെ തന്നെ നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. പെണ്‍കുട്ടിയുടെ അമ്മയ്ക്ക് 5 ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.