പ്രധാനമന്ത്രിക്കൊപ്പം പരസ്യത്തില്‍ ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയും; വിവാദം

ലഖ്നൗ: ഉന്നാവോ ബലാത്സംഗ കേസിലെ പ്രതിയായ എംഎല്‍എ പ്രധാനമന്ത്രിക്കൊപ്പം പരസ്യത്തില്‍. സ്വാതന്ത്യദിന-രക്ഷാബന്ധന്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് ഒരു പ്രമുഖ ഹിന്ദി ദിന പത്രത്തില്‍ വന്ന് പരസ്യത്തിലാണ് ഉന്നാവോ കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇടംപിടിച്ചത്.

ബിജെപി പ്രാദേശിക നേതാവും ഉന്നാവിലെ ഊഗു നഗര പഞ്ചായത്ത് അധ്യക്ഷനുമായ അനുജ് ദീക്ഷിതാണ് പരസ്യം നല്‍കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി അനുജ് രംഗത്തെത്തി. കുല്‍ദീപ് സിങ് ഞങ്ങളുടെ എംഎല്‍എയാണ്. എന്ത് കൊണ്ട് അദ്ദേഹത്തിന്റെ ചിത്രം പരസ്യത്തില്‍ വന്നുകൂടാ, അദ്ദേഹത്തെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നും അനൂജ് ദീക്ഷിത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പ്രതികരിച്ചു.

ഉന്നത നേതാക്കള്‍ക്കൊപ്പം കുല്‍ദീപ് സിങിന്റെ ചിത്രം പ്രസിദ്ധീകരിച്ചതില്‍ തെറ്റില്ലെന്ന് ഉത്തര്‍പ്രദേശില്‍ ബിജെപി വക്താവ് രാകേഷ് ത്രിപാഠിയും വ്യക്തമാക്കി. എംഎല്‍എ കേസില്‍ പ്രതി മാത്രമാണ്. അദ്ദേഹം കുറ്റം ചെയ്തെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നാവോ ബലാത്സംഗ കേസിലും പരാതിക്കാരിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ കുല്‍ദീപ് സിങ് സെംഗര്‍ പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ട സംഭവത്തിലും പ്രതിയാണ്. കുല്‍ദീപിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ മാസം ബിജെപിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Top