ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ പ്രതിയായ മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ സഹോദരന്‍ മനോജ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു മരണം. ഉന്നാവോ കേസിലെ പരാതിക്കാരിയുടെ ബന്ധുക്കളെ ട്രക്ക് ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് മനോജ്.
മരണത്തില്‍ പരസ്പരവിരുദ്ധങ്ങളായ മൊഴികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹൃദയാഘാതം മൂലമാണെന്ന് ബന്ധുക്കളിലൊരാള്‍ പറയുമ്പോള്‍, മയക്കുമരുന്ന് അധികമായി ഉപയോഗിച്ചതാണു കാരണമെന്ന് കുല്‍ദീപിന്റെ വിശ്വസ്തരിലൊരാള്‍ പറയുന്നു.
ഈ വര്‍ഷം ജൂണിലാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബന്ധുക്കള്‍ രണ്ടുപേര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മനോജാണ് അപകടത്തിനു പിന്നിലെന്ന് പെണ്‍കുട്ടി ആരോപിച്ചു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ തന്നെയും തന്റെ കുടുംബത്തെയും കൊല്ലുമെന്ന് മനോജ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
തുടര്‍ന്ന് മനോജിനും ട്രക്ക് ഉടമ, ഡ്രൈവര്‍, ക്ലീനര്‍ എന്നിവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.കുല്‍ദീപ്, സഹോദരന്‍ ജയ്ദീപ് തുടങ്ങി നാലുപേരാണ് ഉന്നാവോ കേസില്‍ തിഹാര്‍ ജയിലില്‍ക്കഴിയുന്നത്.