ന്യൂഡല്‍ഹി : ഉന്നാവ് പീഡനക്കേസിലെ വിചാരണ നടപടികള്‍ ഇന്ന് ആരംഭിക്കും. പെണ്‍കുട്ടിയുടെയും മുഖ്യപ്രതി ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെയും മൊഴി പ്രത്യേക കോടതി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഡല്‍ഹി എയിംസിലെ ഒരുക്കിയ താല്‍ക്കാലിക കോടതിയിലാണ് വിചാരണ നടക്കുന്നത്.
പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും വിചാരണ നടക്കുന്ന കോടതി മുറിയില്‍ പ്രവേശനം അനുവദിച്ചിട്ടില്ല. പ്രത്യേക കോടതി ജഡ്ജ് ദീപക് ശര്‍മ്മയാണ് കോടതി നടപടികള്‍ നിയന്ത്രിക്കുന്നത്. പെണ്‍കുട്ടിയുടെ വിചാരണ തീരും വരെ എല്ലാ ദിവസവും താല്‍ക്കാലിക കോടതിയില്‍ വിചാരണ നടത്താനാണ് തീരുമാനം.
ജൂലൈയില്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചത് മുതല്‍ അതീവഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ഉന്നാവ് പെണ്‍കുട്ടി. ആദ്യം ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ പിന്നീട് എയിംസിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് പെണ്‍കുട്ടിയെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. മൊഴിയെടുക്കാനെത്തിയ സിബിഐയോട് അപകടത്തിന് പിന്നിലും തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.