ഉന്നാവോ ബലാത്സംഗക്കേസ്: യോഗി സര്‍ക്കാരിന്റെയും പൊലീസിന്റെയും നിഷ്‌ക്രിയത

yogi-new

ളിത് പ്രക്ഷോഭം തുടരുന്ന ഉത്തര്‍പ്രദേശിനെ പിടിച്ചുലച്ച സംഭവമാണ് ഉന്നാവോ ബലാത്സംഗക്കേസ്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും സഹോദരനും ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി 18കാരിയാണ് രംഗത്തെത്തിയത്. എന്നാല്‍ പരാതിയില്‍ നടപടിയെടുക്കാനോ അന്വേഷണം നടത്താനോ യോഗി സര്‍ക്കാരെ സംസ്ഥാനത്തെ പൊലീസ് സംവിധാനമോ യാതൊരു ശുഷ്‌കാന്തിയും കാണിച്ചില്ല. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സംഭവമാണിതെന്ന് ഓര്‍ക്കണം. നാളിതുവരെയായിട്ടും പെണ്‍കുട്ടിക്ക് നീതിയുറപ്പാക്കാന്‍ മുഖ്യമന്ത്രിയോ മറ്റധികൃതരോ ഒരു ചെറുവിരല്‍ പോലും അനക്കിയില്ലെന്നതാണ് വേദനാജനകം.

എന്നാല്‍ മാധ്യമശ്രദ്ധയും വര്‍ധിച്ചുവന്ന ജനരോഷവും യോഗി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി. ഒടുവില്‍ 9 വര്‍ഷങ്ങള്‍ക്കിപ്പുറം ഉന്നാവോ ബലാത്സംഗക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തി.

തങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയും കുടുംബവും യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യാശ്രമം നടത്തി. ഇതേത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവതിയുടെ പിതാവ് പപ്പു സിങ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്നാണ് പപ്പു സിങ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്. മര്‍ദിച്ചത് എംഎല്‍എയുടെ ആളുകളോ പൊലീസോ എന്ന കാര്യത്തിലേ അവ്യക്തതയുള്ളൂ.

പപ്പു സിങ്ങിന്റെ അറസ്റ്റിന് പിന്നാലെ എംഎല്‍എയുടെ സഹോദരന്‍ ജയ്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ പരാതിയില്‍ 9 മാസമായി ഒരു എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകാതിരുന്ന പൊലീസ് ഇത്രയും നാള്‍ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യവും ഉയരുന്നുണ്ട്.

ബലാത്സംഗക്കേസുകളില്‍ സാധാരണ നടത്താറുള്ള ഫോറന്‍സിക് തെളിവുശേഖരണം പോലും ഈ കേസില്‍ നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ വസതിയില്‍ പ്രതിഷേധിച്ച അതേദിവസം തന്നെ പെണ്‍കുട്ടി യോഗിക്ക് കത്തയച്ചിരുന്നു. ഉടന്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും എംഎല്‍എയുടെ പേര് മാത്രമതില്‍ ഇല്ലായിരുന്നു.

ഉന്നാവോയില്‍ നിന്ന് 65 കിലോമീറ്റര്‍ ദൂരെയുള്ള ഒരു ഹോട്ടലില്‍ തടവിലാണ് പെണ്‍കുട്ടിയും കുടുംബവും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പൊലീസ് അനുവദിക്കുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അധികാരത്തിലെത്തിയപ്പോള്‍ സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കുമെന്നാണ് യോഗി ആദിത്യനാഥ് ഉറപ്പുനല്‍കിയത്. പരാതി ലഭിച്ചാലുടന്‍ എഫ്‌ഐആര്‍ എങ്കിലും സമയത്ത് രജിസ്റ്റര്‍ ചെയ്യുകയാണ് ഇതിനുള്ള ആദ്യപടിയെന്ന് സര്‍ക്കാരിന് അറിയാത്തതല്ല. സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ കുറഞ്ഞെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ യോഗി മുഖ്യമന്ത്രിപദത്തിലെത്തിയ ആദ്യരണ്ട് മാസം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 803 ബലാത്സംഗക്കേസുകളാണ്. സ്ത്രീകളെ സംരക്ഷിക്കാന്‍ രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡുകള്‍, പൊതുസ്ഥലത്തെ കമിതാക്കളെ വേട്ടയാടുന്ന സദാചാരഗുണ്ടകളായി മാറി.

സംരക്ഷണത്തിന് പകരം, സ്ത്രീകളുന്നയിക്കുന്ന പരാതികളില്‍ അവര്‍ക്ക് നീതി ലഭിക്കുന്നുണ്ടോ എന്നതിനാകണം സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്. പരാതി ലഭിച്ചയുടന്‍ നടപടിയെടുത്തിരുന്നെങ്കില്‍ ഇന്നും ഉന്നാവോയിലെ പെണ്‍കുട്ടിക്ക് നീതിക്ക് വേണ്ടി അലമുറയിടേണ്ടി വരില്ലായിരുന്നു.

Top