ന്യൂഡല്‍ഹി : ഉന്നാവോ പീഡനക്കേസിലെ സാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലക്ഷ്യം വയ്ക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.
ദുരൂഹസാഹചര്യത്തില്‍ മരിച്ചയാളെ പോസ്റ്റ്‌മോര്‍ട്ടം കൂടാതെ സംസ്‌കരിക്കുക, ഇങ്ങനെയാണോ നമ്മുടെ പെണ്‍മക്കള്‍ക്കു നിങ്ങള്‍ നീതി നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയത്.
രാഹുല്‍ ഗാന്ധി ഇന്ത്യയ്ക്കായി ഒന്നും ചെയ്തിട്ടില്ലെന്നും ഇന്ത്യയുടെ പ്രശസ്തി ഇല്ലാതാക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പ്രതിയായ ഉന്നാവോ പീഡന കേസിലെ മുഖ്യസാക്ഷി യൂനൂസിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ മരണപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച ബോധരഹിതനായ യൂനൂസ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചതായി നാട്ടുകാര്‍ പറയുന്നു. സിബിഐയെയും പ്രാദേശിക പൊലീസിനെയും വിവരം അറിയിക്കാതെ ബന്ധുക്കള്‍ മൃതദേഹം മറവ് ചെയ്‌തെന്നും ഇവര്‍ കുറ്റപ്പെടുത്തി.
കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെന്‍ഗര്‍ ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുന്നതിന്റെ സാക്ഷിയായിരുന്നു യൂനൂസ്.
പെണ്‍കുട്ടിയുടെ അച്ഛന്‍ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിക്കുകയും ചെയ്തു. കാന്‍പൂരിലെ ഒരു പലചരക്ക് വ്യാപരിയാണ് യൂനൂസ്. അതേസമയം യൂനുസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന വാദമാണ് പൊലീസിനുള്ളത്.
മുഖ്യ സാക്ഷി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതോടെ സംഭവം വലിയ വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ പതിനേഴുകാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തിലാണ് ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗാര്‍ അറസ്റ്റിലായത്.