ഉന്നാവോ ബലാല്‍സംഗകേസ് ; ഇരക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

rape

ലഖ്‌നൗ: ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെനഗര്‍ പ്രതിയായ ഉന്നാവോ ബലാല്‍സംഗക്കേസില്‍ പൊലീസ് ഇരക്കെതിരെ കൃത്രിമരേഖ ചമച്ചതിന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ബലാല്‍സംഗത്തിന് ഇരയായ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് സ്ഥാപിക്കാന്‍ പെണ്‍കുട്ടി സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമാണെന്ന പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഒപ്പിടല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരക്കും മാതാവിനും അമ്മാവനുമെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഉന്നാവോയിലെ മാക്കി പൊലീസാണ് എഫ്.ഐ.ആര്‍ തയാറാക്കിയത്. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഹരിപാല്‍ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പെണ്‍കുട്ടിയുടെ അമ്മയ്ക്കും അമ്മയുടെ സഹോദരനുമെതിരെയും കേസെടുത്തിട്ടുണ്ട്.

ബി ജെ പി എം എല്‍ എ കുല്‍ദീപ് സിങ് സെനഗറും കൂട്ടാളികളും ചേര്‍ന്ന് തന്നെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയുമായി കഴിഞ്ഞ ഏപ്രിലിലാണ് പെണ്‍കുട്ടി രംഗത്തെത്തിയത്.

പെണ്‍കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പാളിന്റെയും റായ്ബറേലി ജില്ലയിലെ ബേസിക് ശിക്ഷാ അധികാരിയുടെയും വ്യാജഒപ്പുകളും സീലുകളും ഉപയോഗിച്ച് പെണ്‍കുട്ടിയും അമ്മയും അമ്മയുടെ സഹോദരനും ചേര്‍ന്ന് വ്യാജ ടി സി സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയെന്നാണ് ഹരിപാല്‍ സിങ്ങിന്റെ പരാതിയെന്ന് മഖി സ്റ്റേഷന്‍ എസ് എച്ച് ഒ ദിനേഷ് മിശ്ര പറഞ്ഞു. രേഖകളുടെ സത്യാവസ്ഥ മനസ്സിലാക്കാന്‍ പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Top