ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി കാര്‍ അപകടത്തില്‍ പെട്ടത് ഗൂഢാലോചനയുടെ ഭാഗമെന്ന് അമ്മ. ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുമ്പോള്‍ അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ തയാറാണെന്നു യുപി പൊലീസ് അധ്യക്ഷന്‍ ഓം പ്രകാശ് സിങ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ സംഭവം സാധാരണ അപകടം മാത്രമാണെന്നും എന്നാല്‍ കുടുംബം ആവശ്യപ്പെട്ടാല്‍ കേസ് സിബിഐയ്ക്കു കൈമാറാന്‍ തയാറാണെന്നുമാണ് ഓം പ്രകാശ് സിങ് പറഞ്ഞത്.
എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ പീഡിപ്പിച്ചെന്നു പരാതി നല്‍കിയ യുവതിയാണ് ദുരൂഹസാഹചര്യത്തില്‍ അപകടത്തില്‍പ്പെട്ടത്. ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു കുടുംബം. അപകടത്തില്‍ പെണ്‍കുട്ടിക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് അമ്മായിമാരും മരിച്ചു. ഇവര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായിരുന്ന അഭിഭാഷകന്‍ മഹേന്ദ്ര സിങ്ങിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിച്ച ലോറിയുടെ നമ്പര്‍ മായ്ച്ച നിലയിലായിരുന്നതും പെണ്‍കുട്ടിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന പൊലീസുകാര്‍ അപകടസമയം കൂടെയില്ലാതിരുന്നതും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന അപകടത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൂടെയുണ്ടായിരുന്ന രണ്ട് ബന്ധുക്കള്‍ മരിക്കുകയും ചെയ്തിരുന്നു. 2017 ജൂണില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.