ഉന്നവോ കേസ്; എംഎല്‍എയെ സിബിഐ ചോദ്യം ചെയ്തു, അഭിഭാഷകന്റെ മൊഴിയെടുത്തു

ന്യൂഡല്‍ഹി: ഉന്നാവോ അപകടക്കേസില്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ സിബിഐ ചോദ്യം ചെയ്തു. സീതാപൂര്‍ ജയിലില്‍ എത്തിയാണ് ചോദ്യം ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ അതുല്‍ സേംഗറെയും ചോദ്യം ചെയ്തിട്ടുണ്ട്.

വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ അഭിഭാഷകനില്‍ നിന്ന് സിബിഐ സംഘം മൊഴിയെടുത്താതായാണ് റിപ്പോര്‍ട്ട്.

അതേസമയം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിക്ക് ന്യുമോണിയ ബാധിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ന്യുമോണിയ ബാധയുള്ളതായി കണ്ടെത്തിയത്. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് കടുത്ത പനി ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിക്ക് ന്യുമോണിയ കൂടി ബാധിച്ചതോടെ ഡോക്ടര്‍മാര്‍ ആശങ്കയിലാണ്.

പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ലഖ്നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈ കാലുകള്‍ ചലിപ്പിച്ചു തുടങ്ങിയിട്ടുണ്ടെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതിനാല്‍ ചികിത്സക്കായി തല്‍ക്കാലം ഡല്‍ഹിയിലേക്ക് പെണ്‍കുട്ടിയെ മാറ്റേണ്ടെന്നാണ് ആശുപത്രി അധികൃതര്‍ തീരുമാനിച്ചത്. കുടുംബാംഗങ്ങളും സമാന നിലപാട് സ്വീകരിക്കുകയായിരുന്നു.

മികച്ച ചികിത്സയാണ് പെണ്‍കുട്ടിക്ക് കിട്ടുന്നതെന്നും തല്‍ക്കാലം ഡല്‍ഹിയിലേക്ക് മാറ്റേണ്ടതില്ലെന്നും കുടുംബാംഗങ്ങള്‍ കോടതിയെയും അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് പെണ്‍കുട്ടിയെ ഉടന്‍ ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യണമെന്ന ഉത്തരവ് തല്‍ക്കാലം സുപ്രീംകോടതി മരവിപ്പിച്ചത്.

സിബിഐ സംഘം അപകടം നടന്ന സ്ഥലം ഇന്ന് വീണ്ടും പരിശോധിച്ചു. കൂടാതെ പെണ്‍കുട്ടിയുടെ ഉന്നാവോയിലെ വീട്ടിലെത്തുകയും ചെയ്തു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സിബിഐക്ക് ഏഴ് മുതല്‍ 14 ദിവസം വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.അതിനിടെ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ തോക്ക് ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Top