ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ ഡല്‍ഹിയിലെത്തിച്ചു. ഇന്നലെ രാത്രിയാണ് സെന്‍ഗറിനെയും സഹായിയും കേസിലെ പ്രതിയുമായ ശശി സിങ്ങിനെയും യുപിയിലെ സീതാംപുര്‍ ജയിലില്‍നിന്നു ഡല്‍ഹിയിലേക്കു കൊണ്ടുവന്നത്. പെണ്‍കുട്ടിയുടെ ജീവനു ഭീഷണി നില്‍ക്കുന്നതും പ്രതിയുടെ രാഷ്ടീയ സ്വാധീനവും പരിഗണിച്ചുകൊണ്ട് ഉന്നാവോ പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഡല്‍ഹി തീസ് ഹസാരി കോടതിയിലേക്കു മാറ്റിയിരുന്നു.
കേസില്‍ കുല്‍ദീപ് സിങ് സെന്‍ഗറിനെ ഇന്ന് ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരാക്കും. ഇരയായ പെണ്‍കുട്ടി അയച്ച കത്തിന്റെ അടിസ്ഥാനത്തിലെടുത്ത കേസ് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്‌ക്കെത്തും.
പെണ്‍കുട്ടിയുടെ അമ്മാവനെ തിഹാര്‍ ജയിലിലേക്ക് മാറ്റുന്നതുള്‍പ്പെടെ നേരത്തെ ഇറക്കിയ ഉത്തരവുകള്‍ നടപ്പിലാക്കിയോ എന്ന് കോടതി പരിശോധിക്കും. പെണ്‍കുട്ടിയെ ലക്‌നൗവിലെ ആശുപത്രിയില്‍ നിന്ന് മാറ്റേണ്ടെന്ന കുടുംബത്തിന്റെ തീരുമാനത്തില്‍ മാറ്റുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കാനും കോടതി അവസരം നല്‍കും. ജസ്റ്റിസ് ദീപക് ഗുപ്തയുടെയുടെയും അനിരുദ്ധ ബോസിന്റെയും ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലക്‌നൗ കിങ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
അതേസമയം കുല്‍ദീപ് സിങ് സെന്‍ഗറിനെയും മറ്റൊരു പ്രതിയായ അതുല്‍ സേംഗറെയും സീതാംപുര്‍ ജയിലിലെത്തി സിബിഐ ചോദ്യം ചെയ്തിരുന്നു.സിബിഐ സംഘം അപകടം നടന്ന സ്ഥലം വീണ്ടും പരിശോധിക്കുകയും കൂടാതെ പെണ്‍കുട്ടിയുടെ ഉന്നാവോയിലെ വീട്ടിലെത്തുകയും ചെയ്തിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി സിബിഐക്ക് ഏഴ് മുതല്‍ 14 ദിവസം വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.അതിനിടെ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ തോക്ക് ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ബലാത്സംഗം ചെയ്തെന്ന് പരാതിപ്പെട്ട പെണ്‍കുട്ടിയും അഭിഭാഷകനും രണ്ട് ബന്ധുക്കളും സഞ്ചരിച്ച കാര്‍ ജൂലൈ 30-നാണ് അപകടത്തില്‍പ്പെട്ടത്.