ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിനെതിരെ പീഡനക്കുറ്റം ചുമത്തി ഡല്‍ഹി തീസ് ഹസാരി കോടതി. പോക്‌സോ നിയമം ഉള്‍പ്പെടെയാണ് സെന്‍ഗറിനെതിരെ കോടതി ചുമത്തിയത്.
ഇവയ്ക്കു പുറമേ, ക്രിമിനല്‍ ഗൂഢാലോചന (സെക്ഷന്‍ 120ബി), തട്ടിക്കൊണ്ടുപോകല്‍ (സെക്ഷന്‍ 363), വിവാഹത്തിനു നിര്‍ബന്ധിക്കല്‍ (സെക്ഷന്‍ 366), പീഡനം (സെക്ഷന്‍ 376) തുടങ്ങിയ കേസുകളുമുണ്ട്.
സെന്‍ഗറിനെതിരായ ഉന്നാവ് പെണ്‍കുട്ടിയുടെ പരാതി ശരിയാണെന്നു സിബിഐ അറിയിച്ചതിനു പിന്നാലെയാണ് ജസ്റ്റിസ് ധര്‍മേശ് ശര്‍മ ഔദ്യോഗികമായി കുറ്റം ചുമത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനു സെന്‍ഗറിനെ കൂട്ടാളി ശശി സിങ്ങിനെതിരെയുള്ള കേസും കോടതി ശരിവച്ചു.
അതേസമയം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെയും അഭിഭാഷകന്റെയും നില അതീവ ഗുരുതരമെന്ന് എയിംസ് ആശുപത്രി അറിയിച്ചിരുന്നു. ഇരുവരും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നതെന്നാണ് ആശുപത്രി അധികൃതര്‍ ബുധനാഴ്ച അറിയിച്ചത്.
തിങ്കളാഴ്ചയാണ് സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ വിമാനമാര്‍ഗം ലക്നോവിലെ ആശുപത്രിയില്‍നിന്നും എയിംസില്‍ എത്തിച്ചത്.
ജൂലൈ 28നാണ് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ ബന്ധുകള്‍ അപകടത്തില്‍ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു.