ന്യൂഡല്‍ഹി: അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. ലഖ്നൗവിലെ കിങ് ജോര്‍ജ് ആശുപത്രിയില്‍നിന്ന് വിമാനത്തിലാണ് ഡല്‍ഹിയിലെത്തിച്ചത്. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍ദേശം. രാത്രി ഒമ്പതിന് ലഖ്‌നൗവില്‍ നിന്ന് പുറപ്പെട്ട് 9.18ന് എയിംസില്‍ എത്തി. ആശുപത്രിയില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള 15 കിലോമീറ്ററില്‍ വന്‍ സുരക്ഷ ഒരുക്കി ഗതാഗതം പൂര്‍ണമായി നിയന്ത്രിച്ചു.
പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെങ്കിലും രക്തസമ്മര്‍ദത്തില്‍ ഡോക്ടര്‍മാര്‍ ആശങ്ക പ്രകടിപ്പിച്ചതോടെയാണ് പെണ്‍കുട്ടിയെ എയിംസിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. കണ്ണ് തുറന്ന പെണ്‍കുട്ടി ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ മനസിലാക്കുന്നുണ്ടെന്നും വെന്റിലേറ്റര്‍ സംവിധാനത്തില്‍ നിന്ന് നീക്കാനാകുമെന്നും തിങ്കളാഴ്ചരാവിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അഭിഭാഷകനെയും എയിംസിലേക്ക് മാറ്റും.