ഉന്നാവോ: ഉത്തര്‍പ്രദേശിലെ ഉന്നാവോ പീഡനക്കേസില്‍ കുല്‍ദീപ് സിംഗ് സെനഗറിനെ പിന്തുണച്ച് ബിജെപി നേതാക്കള്‍ രംഗത്ത്. പീഡനം രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം സംഘടിപ്പിക്കുകയായിരുന്നു. എന്നാല്‍ സിബിഐ കസ്റ്റഡിയിലുള്ള കുല്‍ദീപിന്റെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് അധികൃതരുടെ നിലപാട്
എം.എല്‍.എ നിരപരാധിയാണെന്ന പ്ലക്കാര്‍ഡുകളുമായാണ് സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ അണിനിരന്നത്. ബാങ്ഗര്‍മൗ, സാഫിപൂര്‍, ബലഗാപൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
എം.എല്‍.എയെ കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണെന്നും. ഈ വിഷയത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും എംഎല്‍എയെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ബിജെപി സര്‍ക്കാരിനെതിരെ പെണ്‍കുട്ടി നേരിട്ട് രംഗത്തെത്തിയതോടെയാണ് കേസ് ശ്രദ്ധയില്‍പ്പെട്ടത്.
എംഎല്‍എയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതും വിവാദമായിരിക്കുന്ന സമയത്താണ് ബിജെപി ഇങ്ങനെയൊരു പ്രകടനം സംഘടിപ്പിച്ചിരിക്കുന്നത്. നാടിനെ നടുക്കിയ കത്തുവ പീഡനകേസിലും ബിജെപിയുടെ നേതൃത്വത്തിലുള്ള ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന പ്രതികള്‍ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു.