ബെത്ലഹേമിലെ ഇന്‍കുബേറ്ററില്‍ കിടക്കുന്ന ഉണ്ണി യേശുവിന്റെ കലാവിഷ്‌ക്കാരം ശ്രദ്ധ നേടുന്നു

ബെത്ലഹേം: ക്രിസ്തുമസ് ദിനത്തില്‍ ശ്രദ്ധേയമായി ബെത്ലഹേമിലെ ഇന്‍കുബേറ്ററില്‍ കിടക്കുന്ന ഉണ്ണി യേശുവിന്റെ കലാവിഷ്‌ക്കാരം. അധിനിവേശ വെസ്റ്റ് ബാങ്കിലെ ബെത്ലഹേമിലെ ചര്‍ച്ച് ഓഫ് നേറ്റിവിറ്റിക്ക് പുറത്ത് സ്ഥാപിച്ചിരിക്കുന്ന കലാസൃഷ്ടിയാണ് ശ്രദ്ധേയമാകുന്നത്. പലസ്തീന്‍ കലാകാരന്‍ റാണ ബിഷാരയും ശില്‍പി സന ഫറാ ബിഷാരയും ചേര്‍ന്നാണ് കലാസൃഷ്ടി ഒരുക്കിയത്. പ്രകാശം നിറഞ്ഞ ഇന്‍കുബേറ്ററിനുള്ളില്‍ ചുവപ്പും വെള്ളയും കലര്‍ന്ന ‘കെഫിയ’യില്‍ ഉണ്ണിയേശുവിന്റെ വെങ്കല പ്രതിമ കിടക്കുന്ന നിലയിലാണ് കലാവിഷ്‌കാരം.

ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തില്‍ നവജാത ശിശുക്കള്‍ക്ക് അടക്കം ജീവന്‍ നഷ്ടപ്പെടുന്ന പശ്ചാത്തലത്തിലാണ് പലസ്തീന്‍ കലാകാരന്‍ റാണ ബിഷാരയും ശില്‍പി സന ഫറാ ബിഷാരയും ചേര്‍ന്നൊരുക്കിയ കലാരൂപം ശ്രദ്ധേയമാകുന്നത്. ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് വെന്റിലേറ്ററും ഇന്‍കുബേറ്ററും പ്രവര്‍ത്തിക്കാതായതോടെ ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളില്‍ ഒന്നായ അല്‍ ശിഫ ആശുപത്രിയില്‍ അടക്കം നിരവധി നവജാത ശിശുക്കളാണ് മരിച്ചത്.

Top