പിറന്നാൾ ദിനത്തിൽ ഹിറ്റ് സംവിധായകൻ വൈശാഖിനൊപ്പം ‘ബ്രൂസ് ലീ’ എന്ന മാസ് ആക്ഷൻ ചിത്രം അനൗണ്‍സ് ചെയ്ത് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദന്റെ ആദ്യ നിർമാണ സംരംഭം എന്ന പ്രത്യേകയും ഈ ചിത്രത്തിനുണ്ട്. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പുറത്ത് വിട്ടു.
മലയാളത്തിലെ മാസ്സ് സൂപ്പർ ഹിറ്റുകളുടെ രചയിതാവ് ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഷാജി കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കും. മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക്‌ബസ്റ്റർ പുലിമുരുകൻ ഒരുക്കിയ ക്രൂ തന്നെ ബ്രൂസ് ലീയുടെയും അണിയറയിൽ പ്രവർത്തിക്കുന്നു എന്നത് ചിത്രത്തിന്റെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന കാര്യം കൂടിയാണ്.
ഉണ്ണിമുകുന്ദൻ -വൈശാഖ് ടീം ആദ്യമായി ഒന്നിച്ച മല്ലു സിംഗ് വലിയ വിജയം കൊയ്തിരുന്നു. ഒരു ഇടവേളക്ക് ശേഷം വീണ്ടും ഈ കൂട്ടുകെട്ട് ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനറുമായി എത്തുമ്പോൾ ഒരു മികച്ച ദൃശ്യാനുഭവം സിനിമ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് പ്രതീക്ഷിക്കാം.