കൊച്ചി : പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന നടൻ ഉണ്ണി മുകുന്ദന്റെ ഹർജി കോടതിയിൽ. ഉണ്ണി മുകുന്ദനായി ജഡ്ജിയുടെ പേരിൽ കോഴ വാങ്ങിയെന്ന കേസിലെ ആരോപണവിധേയനായ അഡ്വ. സൈബി ജോസാണ് ഹാജരായത്. പരാതിക്കാരി ഇമെയിൽ വഴി ഒത്തുതീർപ്പിന് തയ്യറാണെന്ന് അറിയിച്ചതായി സൈബി വീണ്ടും ഹൈക്കോടതിയെ അറിയിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ജാമ്യം നേടാൻ പരാതിക്കാരിയുടെ പേരിൽ നടൻ ഉണ്ണിമുകുന്ദൻ വ്യാജ ഒത്തുതീർപ്പ് സത്യവാങ്മൂലം നൽകിയതെന്നുള്ളത് പച്ചക്കള്ളമാണെന്നും പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം കൈയിലുണ്ടെന്നും സൈബി വ്യക്തമാക്കി. മാധ്യമങ്ങൾ അനാവശ്യ വിവാദം സൃഷ്ടിക്കുകയാണെന്നും താൻ തെറ്റ് ചെയ്തുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സൈബി കോടതിയിൽ വാദിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ജസ്റ്റിസ് പി ഗോപിനാഥ് ഉണ്ണിമുകുന്ദനെതിരായ മജിസ്ട്രേറ്റ് കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്തത്. എന്നാൽ ഒത്തുതീർപ്പ് കാര്യം താൻ അറിഞ്ഞിട്ടില്ലെന്നും അത്തരം സത്യാവാങ്മൂലം ഒപ്പിട്ട് നൽകിയിട്ടില്ലെന്നും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ, കേസിൽ തെറ്റായ നടപടിയുണ്ടായെന്ന് വിലയിരുത്തി വിചാരണ നടപടി സ്റ്റേ ചെയ്ത ഉത്തരവ് കോടതി നീക്കുകയായിരുന്നു.
2017 ൽ തിരക്കഥ പറയാൻ ഉണ്ണിമുകുന്ദൻ ക്ഷണിച്ചതനുസരിച്ച് ഇടപ്പളളിയിലെ ഫ്ലാറ്റിൽ എത്തിയ തന്നെ കൈയ്യിൽ കടന്ന് പിടിച്ച് തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു യുവതിയുടെ പരാതി. മജിസ്ട്രേറ്റ് കോടതിയിൽ നേരിട്ട് നൽകിയ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് കോടതി തുടർന്നടപടികൾ തുടങ്ങിയത്.