‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍, നടൻ ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ പേര് ഭാരത് എന്ന് മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച്, ‘‘കാത്തിരിക്കാൻ വയ്യ’’ എന്നായിരുന്നു ഉണ്ണി കുറിച്ചത്.
‘‘മേരാ ഭാരത്’’ എന്ന് ഫെയ്സ്ബുക്കിലും അദ്ദേഹം കുറിച്ചു. നിരവധി ആളുകളാണ് ഈ വിഷയത്തിൽ ഉണ്ണി മുകുന്ദനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്യുന്നത്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ക്ഷണക്കത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം, ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതിൽ ചർച്ച നടക്കുന്നതിനിടെയാണു പുതിയ സംഭവവികാസം. സെപ്റ്റംബർ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തിലാണ് ഇത്തരത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഓദ്യോഗിക രേഖകളിൽ രാഷ്ട്രപതിയുടെ പേര് ഇതിനു മുൻപ് ഇത്തരത്തിൽ ഉപയോഗിച്ചിട്ടില്ല. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കാൻ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്.