ഗ്രാവിറ്റാസ് എന്ന കോഡ് നാമത്തിനു കീഴില്‍ ടാറ്റ മോട്ടോഴ്‍സ് തിരിച്ചു കൊണ്ടുവരുന്ന ഐക്കണിക് മോഡലായ സഫാരിയുടെ പ്രീ-ലോഞ്ച് ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ചതായി റിപ്പോർട്ട്. ജനുവരിയിൽ ഷോറൂമിൽ എത്തുന്ന സഫാരിയുടെ ബുക്കിംഗ് താമസിയാതെ തുടങ്ങുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
പുതിയ സഫാരി 51,000 രൂപയ്ക്ക് ടോക്കൺ തുകയ്ക്ക് ബുക്ക് ചെയ്യാം എന്നാണ് റിപ്പോര്‍ട്ട്. ഹാരിയറിന്റെ ഏഴ് സീറ്റർ മോഡലായ സഫാരിക്ക് 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഡാർക്ക് ബ്ലൂ, ലൈറ്റ് ബ്ലൂ തുടങ്ങിയ നിറങ്ങൾ ലഭിക്കും. ലാൻറ് ലോവർ ഡി 8 പ്ലാറ്റ് ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞിരിക്കുന്ന ഒപ്റ്റിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ ആർക്കിടെച്ചർ സവിശേഷതയോടെ, അംഗീകാരം നേടിയ ടാറ്റയുടെ തന്നെ ഇംപാക്ട് 2.0 ഡിസൈനിലാണ് വാഹനം ഒരുങ്ങുന്നത്.
ലോകേത്താകമാനമുള്ള എസ് യു വികളുടെ ഡിസൈൻ മാനദണ്ഡത്തിലെ ഗോൾഡൻ സ്റ്റാൻറേർഡാണിത്. ഭാവിയിൽ ഡ്രൈവ് ട്രെയിൻ പരിഷ്കരിക്കുന്നതിന് സഹായകരമാകുന്ന നിർമ്മാണ രീതിയെന്ന സവിശേഷതയുമുണ്ട്. പിന്നീട് ഓൾ വീൽ ഡ്രൈവ്, ഇലട്രിഫിക്കേഷൻ തുടങ്ങിയ കൂട്ടിചേർക്കലുകൾ നടത്താൻ ഉതകുന്നതാണ് ആർക്കിടെച്ചർ രീതിയെന്നും കമ്പനി പറയുന്നു. ഹാരിയറിന് കരുത്തേകുന്ന 170 ബി.എച്ച്.പി. പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ക്രെയോടെക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനായിരിക്കും സഫാരിയുടെയും ഹൃദയം.
ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ട്രാന്‍സ്‍മിഷനുകളൊരുക്കും. വരും ആഴ്ചകളിൽ സഫാരിയുടെ വിലകൾ നിർമ്മാതാക്കൾ വെളിപ്പെടുത്തും. മൂന്ന് നിരകളിലായി ആറ്, ഏഴ് സീറ്റ് വേരിയന്റുകളില്‍ സഫാരിയും വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സഫാരി റിപ്പബ്ലിക്ക് ദിനത്തില്‍ അവതരിപ്പിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ വൈറസ് വ്യാപനവും മറ്റും കാരണമാണ് കഴിഞ്ഞ ഓട്ടോ എക്സ്‍പോയിൽ അവതരിപ്പിച്ച ഗ്രാവിറ്റാസിന്റെ അരങ്ങേറ്റം വൈകിയത്. 2021 ജനുവരി 26ന് അവതരിപ്പിക്കുന്ന വാഹനം ഫെബ്രുവരിയോടെ വിപണിയിലേക്കും എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. 1998 ലാണ് ആദ്യ സഫാരി ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തുന്നത്. ഇന്ത്യൻ വാഹനലോകത്തിന് അന്നുവരെ അന്യമായിരുന്നൊരു മോഡലായിരുന്നു ടാറ്റ സഫാരി. ടാറ്റയുടെ ആദ്യ എസ്‍യുവികളിലൊന്നായ സഫാരി പിന്നീട് ഇന്ത്യൻ വാഹനലോകത്തെ കരുത്തിന്റെ പ്രതീകമായി.
ഇന്ത്യൻ സൈന്യത്തിൽ വരെ സാന്നിധ്യമറിയിച്ച ഈ എസ്‌യുവി 2019 ലാണ് നിരത്തൊഴിയുന്നത്. വിപണിയിൽ നിന്ന് പിൻമാറിയെങ്കിലും വാഹനപ്രേമികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ വാഹനമാണിത്. അതുകൊണ്ടുതന്നെ സഫാരി എന്ന പേരിന്റെ ജനപ്രീതി പുതിയ എസ്‌യുവിക്ക് ഒരു മുതൽക്കൂട്ടാകും എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.
എല്‍.ഇ.ഡി ടെയ്ല്‍ലാമ്പ്, ക്രോമിയം ലൈന്‍, ഹാച്ച്‌ഡോറിന്റെ താഴെയായി ടാറ്റയുടെ ബാഡ്‍ജിംങ്ങ്, സ്‌കിഡ് പ്ലേറ്റുകള്‍ നല്‍കിയുള്ള ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ എന്നിവയാണ് പിന്‍വശത്തുള്ളത്. നിലവില്‍ അഞ്ച് സീറ്ററാണ് ഹാരിയര്‍. ഇതിന്‍റെ ഇൻറീരിയറിൽ ഒരുനിര സീറ്റ് കൂടി അധികമായി ഉൾപ്പെടുത്തിയാവും ഗ്രാവിറ്റാസ് എത്തുക. മുഖഭാവത്തില്‍ ഹാരിയറും ഗ്രിവിറ്റാസും ഒരു പോലെയായിരിക്കുമെന്നാണ് ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച കണ്‍സെപ്റ്റ് മോഡല്‍ വ്യക്തമാക്കിയത്.
18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീലുകള്‍, ഇന്റഗ്രേറ്റഡ് റൂഫ് റെയില്‍സ്, ഓട്ടോമാറ്റിക് ബൈ-സെനോണ്‍ ഹെഡ്‌ലാമ്പുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, 8.8 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാന്‍ സ്പീഡ് കണ്‍ട്രോള്‍ ഉള്ള എസി വെന്റുകളും മൂന്നാം നിരയില്‍ യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. 15 ലക്ഷം രൂപ മുതല്‍ 22 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയം വാഹന ശ്രേണി വികസിപ്പിക്കുന്നതിന് ടാറ്റ മോട്ടോർസിനെ ഈ എസ്‌യുവി തീർച്ചയായും സഹായിക്കും.