കോഹ്‌ലിയുടെ ശതകത്തിന്റെ ബലത്തില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കക്ക് 304 റണ്‍സ് വിജയ ലക്ഷ്യം

kohli

കേപ്ടൗണ്‍: വിരാട് കോഹ്‌ലിയുടെ സെഞ്ചുറിയുടെ ബലത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. ആതിഥേയര്‍ക്കായി ജെ.പി. ഡുമിനി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാഡ, ക്രിസ് മോറിസ്, ഇമ്രാന്‍ താഹിര്‍, ആന്‍ഡയില്‍ ഫെഹ്ലുക്യായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനിയയ്ക്കുകയായിരുന്നു. രോഹിത് ശര്‍മ്മയെ പൂജ്യത്തിനു നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ധവാന് കൂട്ടായി നായകന്‍ എത്തിയതോടെ കളിയുടെ ഗതി മാറി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് കളിച്ച ഇരുവരും രണ്ടാം വിക്കറ്റില്‍ 140 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

63 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയാണ് ധവാന്‍ പുറത്തായത്.

രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ത്ത് ശേഷം തുടരെ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ വിരാട് കോഹ്‌ലി തന്റെ മികച്ച ഫോം നിലനിര്‍ത്തി ടീമിന്റെ സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചു.

ശിഖര്‍ ധവാന്‍ പുറത്തായതിന് ശേഷം വന്ന അജിന്‍ക്യ രഹാന (11), ഹാര്‍ദിക് പാണ്ഡ്യ (14), എം.എസ്. ധോണി (10), കേദാര്‍ ജാദവ് (ഒന്ന്) എന്നിവര്‍ പെട്ടെന്ന് പുറത്തായതാണ് ഇന്ത്യയ്ക്ക് വിനയായത്. എന്നാല്‍ ഏഴാം വിക്കറ്റില്‍ ക്രിസീലെത്തിയ ഭുവനേശ്വര്‍ കുമാറിനെയും കൂട്ടുപിടിച്ച് കോഹ്ലി സ്‌കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു.

Top