ഹോങ്കോങ്: ചൈന കോടിക്കണക്കിന് രൂപ മുതൽ മുടക്കി പാക്കിസ്ഥാനിലെ ഗ്വാദർ തുറമുഖത്തോടു ചേർന്ന് നിർമ്മിക്കുന്ന സാമ്പത്തിക ഇടനാഴിയ്ക്ക് അപകട ഭീഷണി. ഭൂകമ്പമോ സൂനാമിയോ പോലുള്ള പ്രകൃതി ദുരന്തങ്ങളുണ്ടായാൽ ഗദ്വാറിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിക്ക് ഏത് നിമിഷവും അപകടം സംഭവിച്ചേക്കാമെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തൽ.
ചൈനയിൽ നിന്നും ഏഷ്യ,ആഫ്രിക്ക വഴി യൂറോപ്പിലേക്ക് സാമ്പത്തിക നടത്തിപ്പിനുവേണ്ടിയുള്ള പ്രധാന മാർഗമായിട്ടാണ് ഈ ഇടനാഴി മുൻകൈ എടുത്ത് ചൈന നിർമ്മിക്കുന്നത്.
ലോകത്തിൽ ഏറ്റവും ശക്തിയേറിയ ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള മഖ്റാൻ ട്രെഞ്ചിനോടു ചേർന്നാണ് ഗ്വാദർ നിൽക്കുന്നത്. ഇവിടെ 1945ൽ റിക്ടർ സ്കെയിലിൽ 8.1 രേഖപ്പെടുത്തിയ ഭുകമ്പം ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇറാൻ, പാക്കിസ്ഥാൻ, ഒമാൻ, ഇന്ത്യ എന്നിവിടങ്ങളിൽ രൂപപ്പെട്ട സുനാമിയിൽ നാലായിരത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഭൂമിയുടെ അന്തർഭാഗത്തുള്ള രണ്ട് തിട്ടകൾ സംയോജിക്കുന്ന പ്രദേശമാണ് മഖ്റാൻ ട്രെഞ്ച്. അതിനാൽ ഇവിടെ പദ്ധതി നടപ്പാക്കുന്നത് മുൻപ് ഇതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ നിന്നുമുള്ള 40 ഗവേഷകർ മൂന്ന് കപ്പലുകളിൽ ഗവേഷണം നടത്തിയിരുന്നു. എന്നാൽ കൂടുതലായിട്ടൊന്നും ഇവർക്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പാക്ക് അധിനിവേശ കശ്മീരിലൂടെ (പിഒകെ) ചൈന നിർമിക്കുന്ന സാമ്പത്തിക ഇടനാഴിക്കു വേണ്ടി ഗ്വാദർ തുറമുഖം ചൈനയ്ക്ക് 40 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഗദ്വാർ ഇടനാഴിയുടെ ആരംഭം മുതൽക്കെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വാദങ്ങളിൽ മുറുകിയിരുന്നു.
6200 കോടി ഡോളറാണു പദ്ധതിക്കായി ചൈന ചെലവിടുന്നത്. ഇപ്പോൾ ഭൂമിശാസ്ത്രപരമായും ഗദ്വാർ ഇടനാഴിക്ക് ഏറെ ഭീഷണി വർധിച്ചത് പാക്കിസ്ഥാനെയും ചൈനയേയും ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.