ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഇടയ്ക്കിടെ കൊട്ടിഘോഷിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിയമസഭയില്‍ നേരിടേണ്ടി വന്നത് എട്ടിന്റെ ചോദ്യങ്ങള്‍.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് നിരവധി കേസുകള്‍. കൊലപാതകം മുതല്‍ പിടിച്ചുപറി വരെ എണ്ണിയാല്‍ തീരാത്തത്ര..
മാര്‍ച്ച് 15നും മേയ് ഒന്‍പതിനുമിടയിലുള്ള ചുരുങ്ങിയ കാലയളവിലാണ് ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്ന നിയമസഭയെ അറിയിച്ചു.
803 മാനഭംഗങ്ങള്‍, 729 കൊലപാതകങ്ങള്‍, 799 മോഷണങ്ങള്‍, 2682 തട്ടിക്കൊണ്ടുപോകലുകള്‍, 60 പിടിച്ചുപറിക്കേസുകള്‍ എന്നിവയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൊലപാതകങ്ങളില്‍ 67.16, മാനഭംഗക്കേസുകളില്‍ 71.12, തട്ടിക്കൊണ്ടുപോകലില്‍ 52.23, പിടിച്ചുപറി നടത്തുന്ന കേസുകളില്‍ 67.05, മോഷണങ്ങളില്‍ 81.88 ശതമാനവും നടപടിയെടുത്തുവെന്ന് ആദിത്യനാഥ് നിയമസഭയില്‍ അറിയിച്ചു.
ദേശീയ സുരക്ഷാ ആക്ട് പ്രകാരം മൂന്നുപേരെ അറസ്റ്റ് ചെയ്തതായും ഗുണ്ടാ ആക്ട് പ്രകാരം 131 പേര്‍ക്കെതിരെയും അധോലോക ആക്ട് പ്രകാരം 126 പേര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തു.
ഇത്തരം കേസുകളില്‍ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി അംഗം ഷൈലേന്ദ്ര യാദവ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്‍കിയത് ഇങ്ങനെയായിരുന്നു.
മുന്‍വര്‍ഷങ്ങളിലെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍ ലഭ്യമല്ലെന്ന് അറിയിച്ച മന്ത്രി കുറ്റകൃത്യങ്ങള്‍ കുറയ്ക്കുക എന്നതാണ് തങ്ങളുടെ സര്‍ക്കാരിന്റെ നയമെന്നും അതുകൊണ്ട് തന്നെ ചെറിയ കുറ്റങ്ങള്‍ പോലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കി.
മുന്‍സര്‍ക്കാരിന്റെ കാലത്ത് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.