യുപി ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്ക് കോവിഡ് സ്ഥിരീകരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശ് ആയുഷ് മന്ത്രി ധരം സിംഗ് സൈനിക്ക് കോവിഡ് സ്ഥിരീകരിച്ചു. യോഗി മന്ത്രിസഭയിലെ രണ്ടാമത്തെ മന്ത്രിക്കാണ് കോവിഡ് ബാധിച്ചത്. സഹറാന്‍പുരിലെ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ധരം സിംഗിന്റെ കുടുംബാംഗങ്ങളെ മുഴുവന്‍ നിരീക്ഷണത്തിലാക്കി.

നേരത്തെ, ഗ്രാമവികസ മന്ത്രി രാജേന്ദ്ര പ്രതാപ് സിംഗിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ കോവിഡ് ബാധിക്കുന്ന മന്ത്രിമാരുടെ എണ്ണം രണ്ടായി.

അതേസമയം, രാജ്യത്ത് കൊവിഡ് വ്യാപനം ദിനം പ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 24,850 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഈ വന്‍വര്‍ധന വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് ഇതുവരെ 19268 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കോവിഡ് ഗുരുതരമായി ബാധിച്ച മെട്രോ നഗരങ്ങളിലൊന്നായ ഡല്‍ഹിയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുന്നത് അല്‍പം ആശ്വാസം പകരുന്നുണ്ട്.

Top