ലക്നൗ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയ്ക്ക് 25 വർഷത്തെ കഠിന തടവും 10 ലക്ഷം രൂപ പിഴയും. ശിക്ഷാ വിധിയോടെ സോൻഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തിൽനിന്നുള്ള രാംദുലാർ ഗോണ്ട് അയോഗ്യനാവുകയും ചെയ്തു. 2014 നവംബറിൽ നടന്ന സംഭവത്തിൽ ഒൻപതു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഇതിനിടെ നിരവധി തവണ എംഎൽഎ കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി അതിജീവിതയുടെ സഹോദരൻ പറഞ്ഞു.
2014ൽ രാംദുലാർ ഗോണ്ടിന്റെ ഭാര്യ ദുദ്ദിയിലെ പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ മ്യോർപുർ പൊലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോണ്ട് വിജയിച്ചതോടെ കേസ് സോൻഭദ്രയിലുള്ള എംപി–എംഎൽഎ കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കോടതി വിധിപ്രസ്താവം നടത്തിയത്.
എംഎൽഎ പോക്സോ വകുപ്പുകൾ പ്രകാരമുള്ള കുറ്റംചെയ്തെന്നും തെളിവു നശിപ്പിക്കാൻ ശ്രമിച്ചെന്നും പബ്ലിക് പ്രോസിക്യൂട്ടർ പ്രകാശ് ത്രിപാഠി പറഞ്ഞു. പിഴയായി ഈടാക്കുന്ന 10 ലക്ഷംരൂപ അതിജീവിതയ്ക്ക് നല്‍കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി.
അതേസമയം ഗോണ്ട് അയോഗ്യനായാലും ഉത്തർപ്രദേശിലെ ബിജെപി ഭരണത്തെ അത് ബാധിക്കില്ല. 403 അംഗ സഭയിൽ 254 പേരുടെ പിന്തുണ ബിജെപിക്കുണ്ട്. ജനപ്രാതിനിധ്യ നിയമപ്രകാരം രണ്ടോ അതിലധികമോ വർഷം ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെടുന്നയാൾ അയോഗ്യനാക്കപ്പെടും. ശിക്ഷാ കാലാവധിക്കുശേഷം ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല.