ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കടുത്ത വേനലും ജലദൗര്‍ലഭ്യവും നേരിടുന്നതിന് പതിനായിരം കോടിയുടെ സഹായം നല്‍കണമെന്ന്
കൂടിക്കാഴ്ചയില്‍ അഖിലേഷ് മോദിയോട് ആവശ്യപ്പെട്ടു. യു.പിയെ കൂടാതെ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയുേം മോദി ഇന്നു തന്നെ കാണുന്നുണ്ട്.
വരള്‍ച്ച അനുഭവപ്പെടുന്ന യു.പിയിലെ ബുന്ദേല്‍ഖണ്ഡിലേക്ക് കേന്ദ്ര സര്‍ക്കാര്‍, വെള്ളവുമായി ഒരു ട്രെയിന്‍ അയച്ചെങ്കിലും അഖിലേഷ് യാദവ് അത് നിരസിച്ചിരുന്നു. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഉണ്ടായതു പോലുള്ള കുടിവെള്ള പ്രശ്‌നം ബുന്ദേല്‍ഖണ്ഡില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം ഇല്ലെന്നും ഗ്രാമങ്ങളില്‍ ജലം എത്തിക്കാന്‍ ടാങ്കറുകളാണ് ആവശ്യമെന്നും അഖിലേഷ് പിന്നീട് മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മോദിയുടെ ശ്രദ്ധയില്‍ അഖിലേഷ് കൊണ്ടുവന്നു. ഡാമുകളില്‍ മതിയായ ജലമുണ്ടെന്നും വിതരണം ചെയ്യുന്നതിനും മറ്റും ടാങ്കറുകളുമാണ് വേണ്ടത്. വേനലില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും മറ്റും നല്‍കുന്നതിനായും കൂടിയാണ് ഇത്രയും തുക ആവശ്യപ്പെടുന്നതെന്നും അഖിലേഷ് വിശദീകരിച്ചു.