ലക്‌നൗ: യു പിയില്‍ പൂവാലന്മാരെ ഒതുക്കാനുള്ള പൊലീസിന്റെ പൂവാല വിരുദ്ധ സ്‌ക്വഡ് (ആന്റി റോമിയോ സ്‌ക്വാഡ്) പ്രവര്‍ത്തനം തുടങ്ങി.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന പൂവാല വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചത്.
എന്നാല്‍ പൂവാലന്മാരെ പിടിക്കാനുള്ള സ്‌ക്വാഡ് പൊതു സ്ഥലങ്ങളില്‍ പെണ്‍കുട്ടികളുമായി ഒരുമിച്ചിരിക്കുന്ന ആണ്‍കുട്ടികളെയാണ് പിടികൂടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീ സുരക്ഷക്കായുള്ള പ്രത്യേക പൊലീസ് ഫലത്തില്‍ സദാചാര പൊലീസാകുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വിമര്‍ശനം വകവെക്കാതെയാണ് യോഗി സ്ഥാനമേറ്റെടുത്ത് ദിവസങ്ങള്‍ക്കകം തന്നെയാണ് പൂവാല വിരുദ്ധ സ്‌ക്വാഡിന്റെ പ്രവര്‍ത്തനം തുടങ്ങിയത്.
കോളേജുകള്‍ക്ക് സമീപങ്ങളിലും മാളുകള്‍, പാര്‍ക്കുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവടങ്ങളിലും കഴിഞ്ഞ ദിവസം സ്‌ക്വാഡുകള്‍ പട്രോളിങ് നടത്തുന്നുണ്ട്. ലക്‌നൗവില്‍ നിന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഝാന്‍സിയില്‍ ഒരു സ്ഥലത്ത് പെണ്‍കുട്ടിക്കൊപ്പം ഇരിക്കുകയായിരുന്ന ആണ്‍കുട്ടിക്ക് കിട്ടിയ ശിക്ഷ ഏത്തമിടലായിരുന്നു.
പൊതു സ്ഥലങ്ങളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് സ്‌ക്വാഡിന്റെ ലക്ഷ്യമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ജാവേദ് അഹമ്മദ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുമെന്നും അവരെ ശല്യംചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്നുമായിരുന്നു ബിജെപിയുടെ പ്രകടനപത്രികയിലുണ്ടായിരുന്നത്. ലൗജിഹാദ് തടയുന്നതിനുള്ള കാമ്പയിനിന്റെ ഭാഗമാണ് ഇത്തരം നടപടികളെന്നായിരുന്നു ബിജെപിയുടെ വാദം.