ലക്‌നൗ: അയോധ്യയില്‍ സരയു നദി തീരത്ത് നിര്‍മിക്കുന്ന 100 മീറ്റര്‍ ഉയരമുള്ള രാമ പ്രതിമക്കായി കോര്‍പ്പറേറ്റുകള്‍ 360 കോടി രൂപ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമവിഗ്രഹ നിര്‍മാണത്തിന് കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റ് ഫണ്ട് നിക്ഷേപിക്കാന്‍ കോര്‍പറേറ്റ് കമ്പനികളോട് അദ്ദേഹം ആവശ്യപ്പെട്ടു.
കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്താനുള്ള അവസരങ്ങള്‍ അറിയിക്കുന്ന ബുക്ക്‌ലെറ്റ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ടൂറിസം വകുപ്പ് പുറത്തിറക്കിയിരുന്നു. ഇതിലാണ് യോഗിയുടെ ആവശ്യം.
സി.എസ്.ആര്‍ ഫണ്ടിലുടെ ചെലവഴിക്കുന്ന പണത്തിന് കോര്‍പ്പറേറ്റുകള്‍ക്ക് നികുതിയിളവുണ്ട്. ഈയൊരു സാഹചര്യത്തില്‍ സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പണം വാങ്ങാതെ നേരിട്ട് പണം പിരിക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടി ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സി.എസ്.ആര്‍ ഫണ്ട് പ്രതിമയുടെ നിര്‍മാണത്തിനായി വിനിയോഗിക്കുന്നതില്‍ തെറ്റില്ലെന്നും കോര്‍പ്പറേറ്റുകളെ ഇതിനായി നിര്‍ബന്ധിച്ചിട്ടില്ലെന്നും യു.പി ടൂറിസം മന്ത്രി റിത ബഹുഗുണ ജോഷി പറഞ്ഞു.
ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മിക്കുന്നതിനായി രാജ്യത്തെ പ്രധാന ഓയില്‍ കമ്പനി കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ടില്‍ നിന്നും 121 കോടി രൂപ നല്‍കിയിരുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.