up congress cheaf minister canidate Sheila Dikshit

ഡല്‍ഹി : ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത്തിനെ വരുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന.

കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ സന്നദ്ധയാണെന്ന് ഷീല ദീക്ഷിത് പാര്‍ട്ടിയെ അറിയിച്ചു. നേരത്തെ തുടര്‍ച്ചയായി 15 വര്‍ഷം ദില്ലിയിലെ മുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ച വ്യക്തിയാണ് ഷീലാ ദീക്ഷിത്.

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളില്‍ മുന്‍നിരയില്‍ താനും ഉണ്ടെന്ന് വ്യക്തമാക്കിയ ഷീല ദീക്ഷിത് ഉത്തര്‍ പ്രദേശിന്റെ മരുമകള്‍ എന്നാണ് സ്വയം വിശേഷിപ്പിച്ചത്.

താന്‍ അത്തരമൊരു ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് പാര്‍ട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് താന്‍ തയ്യാറാണ് ഷീല ദീക്ഷിത് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് രൂപകല്‍പ്പന നല്‍കുന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.

ബ്രാഹ്മണ സമുദായത്തില്‍പ്പെട്ട വ്യക്തി ആയതിനാല്‍ ഷീലാ ദീക്ഷിതിനെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ സവര്‍ണവിഭാഗങ്ങളെ ഒപ്പം നിര്‍ത്താമെന്ന് പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രിയങ്കാ ഗാന്ധിയെ സംസ്ഥാനത്തെ പ്രധാന പ്രചാരകയാക്കണമെന്ന നിര്‍ദ്ദേശവും പ്രശാന്ത് മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രിയങ്കയുടെ സാന്നിധ്യം ജനങ്ങളെ പാര്‍ട്ടിയോട് അടുപ്പിക്കുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്.

2014 ല്‍ നരേന്ദ്ര മോദിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിച്ചതും 2015 ല്‍ നിതീഷ് കുമാറിന് ബീഹാറില്‍ തുടര്‍ഭരണത്തിന് അവസരം ഒരുക്കിയതും പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നു. ഇതാണ് അദ്ദേഹത്തെ സമീപിക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.

Top