ബ്രാഹമ്ണ്‍ എന്നത് ജാതിയല്ല, മറിച്ച് ഉയര്‍ന്ന ജീവിത രീതിയാണന്ന് യുപി ഉപമുഖ്യമന്ത്രി

നോയിഡ: ബ്രാഹ്‌മണ്‍ എന്നത് ഒരു ജാതിയല്ലെന്നും മറിച്ച് ഉയര്‍ന്ന ജീവിത രീതിയാണെന്നും മുതിര്‍ന്ന ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ . തന്റെ പാര്‍ട്ടി ഒരു വിവേചനവും കാട്ടാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗൗതം ബുദ്ധ് നഗറിലെ ജെവാറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ കക്ഷികള്‍ ജാതി രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം കു്റ്റപ്പെടുത്തി. ജെവാറില്‍ ധീരേന്ദ്ര സിങ്ങാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

ഞാന്‍ ബ്രഹ്‌മണനാണ്. എനിക്കതില്‍ അഭിമാനമുണ്ട്. അതൊരു ബഹുമാനക്കുറവായി ഞാന്‍ കാണുന്നില്ല, സര്‍വേ ഭവന്തു സുഖിനാ എന്നത് അടിസ്ഥാനമാക്കിയാണ് ബ്രാഹ്‌മണര്‍ പ്രവര്‍ത്തിക്കുന്നത്.ബ്രാഹ്‌മണന്‍ ഒരു ജാതിയല്ല, ശ്രേഷ്ഠമായ ജീവിതരീതിയെ ബ്രാഹ്‌മണന്‍ എന്ന് വിളിക്കുന്നു. അധ്യാപനത്തിലായാലും വിദ്യാഭ്യാസത്തിലായാലും ജോലിയായാലും ബ്രാഹ്‌മണന്‍ ഒരു ജാതിയുമായും കലഹിക്കുന്നില്ല. ജനനം മുതല്‍ മരണം വരെ ബാഹ്‌മണരാണ് ഭാഗ്യത്തിന് വേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നതെന്നും ശര്‍മ്മ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലങ്ങളിലൂടെ സംസാരിക്കുമ്പോള്‍ ബ്രാഹ്‌മണിസത്തെക്കുറിച്ചും ജാതീയത സംബന്ധിച്ച ബിജെപിയുടെ നിലപാടുകളെക്കുറിച്ചും ചോദ്യമുയരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”സബ്കാ സാഥ്, സബ്കാ വികാസ് എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം. അതില്‍ ജാതിക്ക് സ്ഥാനമില്ല. എല്ലാ ജാതിക്കും അവരുടേതായ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ എല്ലാ ജാതിക്കാരുടെ പിന്തുണയും ഞങ്ങള്‍ക്കുണ്ട്”-അദ്ദേഹം പറഞ്ഞു.

 

Top