ലഖ്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ അറുപത്തിയെട്ട് ശതമാനത്തോളം പോളിംഗ്. ജാട്ട് ഭൂരിപക്ഷമേഖലയിലെ ഭേദപ്പെട്ട പോളിംഗില്‍ ബിജെപിയും പ്രതിപക്ഷ കക്ഷികളും ആത്മവിശ്വാസത്തിലാണ്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധിയെഴുതിയത്. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ 9 മന്ത്രിമാരുള്‍പ്പടെ 623 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ജാട്ടു കര്‍ഷകരുടെയും ന്യൂനപക്ഷങ്ങളുടെയും ശക്തികേന്ദ്രങ്ങളില്‍ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തി. ഉച്ചക്ക് ഒരു മണിക്ക് ഉള്ളില്‍ തന്നെ പലയിടങ്ങളിലും പോളിംഗ് ശതമാനം നാല്‍പത് ശതമാനത്തിന് മുകളിലെത്തിയിരുന്നു.
ഷാമിലി മുസഫര്‍ നഗര്‍, ഗാസിയാബാദ് ഹാപ്പൂര്‍ അലിഗഡ് തുടങ്ങിയ ജില്ലകളില്‍ രാവിലെ മുതല്‍ ആളുകള്‍ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 58ല്‍ 53 മണ്ഡലങ്ങളും നേടിയതിനാല്‍ ഇക്കുറിയും വിജയം ആവര്‍ത്തിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കര്‍ഷക രോഷവും കരിമ്പടക്കമുള്ള വിളകളുടെ വിലത്തകര്‍ച്ചയിലെ നിരാശയും വോട്ടിംഗില്‍ പ്രതിഫലിച്ചുവെന്നാണ് സമാജ് വാദി പാര്‍ട്ടി – ആര്‍എല്‍ഡി സഖ്യത്തിന്റെ കണക്ക് കൂട്ടല്‍.